പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ചോദ്യപേപ്പര്‍ സ്കൂളില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ചോദ്യപേപ്പറിന്‍റെ  ഫോട്ടോസ്റ്റാറ്റ് എടുത്തു പരീക്ഷ നടത്തുകയായിരുന്നു. 

കോഴിക്കോട്: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന് ആരോപിച്ച് താമരശേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ചോദ്യപേപ്പര്‍ സ്കൂളില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ചോദ്യപേപ്പറിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുത്തു പരീക്ഷ നടത്തുകയായിരുന്നു.

പ്ലസ് വൺ അക്കൗണ്ടൻസി ഇംപ്രൂവ്മെന്‍റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനാലാണ് ഫോട്ടോസ്റ്റാറ്റ് എടുക്കേണ്ടി വന്നതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ഫോട്ടോസ്റ്റാറ്റ് എടുക്കേണ്ടി വന്നതിനാല്‍ അരമണിക്കൂര്‍ വൈകിയാണ് പരീക്ഷ തുടങ്ങിയതെന്നും എസ്എഫ്ഐ ആരോപിച്ചു. കുറ്റ്യാടി കായക്കൊടി സ്കൂളിലും സമാനരീതിയിലുള്ള പരാതി കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. 

അതേസമയം, താമരശേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിന്‍സിപ്പാളിനെ പരീക്ഷാച്ചുമതലയില്‍ നിന്ന് നീക്കിക്കൊണ്ട് ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിറക്കി. ചോദ്യപേപ്പറിന്‍റെ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് പരീക്ഷ നടത്തുനന്ത് ചട്ടവിരുദ്ധമായ നടപടിയാണ്. ഈ സാഹചര്യത്തിലാണ് പ്രിന്‍സിപ്പാളിനെ പരീക്ഷാച്ചുമതലയില്‍ നിന്ന് മാറ്റിയത്.