Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് വന്‍ വിജയം

26 കോളേജുകളില്‍ എസ്എഫ്ഐയ്ക്ക് എതിരില്ലാതെ വിജയമാണ് ലഭിച്ചത്.

SFI Get huge victory in kannur university college union election
Author
Kannur, First Published Jan 29, 2022, 8:22 AM IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകള് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് വന്‍ വിജയം. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 53ലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ ജില്ലയിലെ 46 കോളേജിൽ 38ലും കാസർകോട്ട്‌ 15 കോളേജിൽ 12ലും വയനാട് ജില്ലയിലെ മൂന്നു കോളേജിലും എസ്എഫ്ഐയ്ക്കാണ് ആധിപത്യം. 

നിലവില്‍ കെ.എസ്.യു പാനല്‍ വിജയിച്ചിരുന്ന കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, ഇരിട്ടി എംജി കോളേജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളേജ്, ഇരിക്കൂര്‍ സിബ്ഗ കോളേജ് എന്നിവ എസ്എഫ്ഐ പിടിച്ചെടുത്തു. കാസർകോട്ടെ  പെരിയ അംബേദ്‌കർ കോളേജിൽ കെഎസ്‌യു-എംഎസ്‌എഫ് സഖ്യത്തെ തോൽപ്പിച്ച് മുഴുവൻ സീറ്റും നേടി. കുമ്പള ഐഎച്ച്ആർഡി കോളേജ് യൂണിയൻ എബിവിപിയിൽനിന്ന്‌ എസ്എഫ്ഐ നേടി.

26 കോളേജുകളില്‍ എസ്എഫ്ഐയ്ക്ക് എതിരില്ലാതെ വിജയമാണ് ലഭിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പയ്യന്നൂര്‍കോളേജ്, മാടായി കോളേജ്, എസ്എന്‍ കോളേജ് കണ്ണൂര്‍, മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് എന്നീ പ്രധാന കലാലയങ്ങളിലും എസ്എഫ്ഐയ്ക്കാണ് വിജയം. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ എംഎസ്എഫ് ഭൂരിപക്ഷം നേടി. 

യൂണിവേഴ്സിറ്റി സെന്‍ററുകളില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കര്‍ശന സുരക്ഷയിലാണ് തെരഞ്ഞെടുപ്പുകള്‍ നടന്നത്. അതേ സമയം പലയിടത്തും ആഹ്ലാദപ്രകടനങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചതായി ആക്ഷേപമുണ്ട്. 

Follow Us:
Download App:
  • android
  • ios