തിരൂർ: എസ്എഫ്ഐ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കുന്ന ഹോം വിസിറ്റിന് തുടക്കം കുറിച്ചു. അഖിലേന്ത്യാ പ്രസിഡണ്ട് വി.പി. സാനുവിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ മംഗലം പഞ്ചായത്തിലെ കൂട്ടായി തീരദേശ മേഖലയിൽ മത്സ്യത്തൊഴിലാളി വീടുകളിൽ സന്ദർശനം നടത്തിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെല്ലാം സംഘം ചോദിച്ചു മനസ്സിലാക്കുകയും കൊവിഡ് ജാഗ്രതാ സന്ദേശം കൈമാറുകയും ചെയ്തെന്ന് എസ് എഫ് ഐ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

വിക്ടേഴ്‌സ് ചാനലിലൂടെ നടക്കുന്ന ഫസ്റ്റ് ബെൽ ക്ലാസുകളിൽ പങ്കെടുക്കാൻ ഭൗതിക സാഹചര്യമില്ലാത്ത വിദ്യാർത്ഥികൾ ആ പ്രദേശത്തുണ്ട് എന്ന് മനസ്സിലാക്കി തൊട്ടടുത്ത അങ്കണവാടിയിൽ പുതിയ ടെലിവിഷൻ സ്ഥാപിച്ച് സമൂഹ പാഠശാല ഒരുക്കിയാണ് സാനുവും സംഘവും മടങ്ങിയതെന്നും എസ് എഫ് ഐ പറയുന്നു. ജില്ലാ സെക്രട്ടറി കെ എ സക്കീർ, ജില്ലാ പ്രസിഡണ്ട് ഇ. അഫ്‌സൽ, ജില്ലാ കമ്മിറ്റിയംഗം ടി. ഷിനി എന്നിവരും ഹോം വിസിറ്റിൽ പങ്കെടുത്തു.

വിദ്യാഭ്യാസമേഖലയിലും വിദ്യാർത്ഥികൾക്കിടയിലും കൊവിഡ് 19 സൃഷ്ടിച്ചിരിക്കുന്ന ആശങ്കകൾ ചെറുതല്ല. അദ്ധ്യയനം എന്ന് പുനരാരംഭിക്കും എന്ന അനിശ്ചിതത്വം മുതൽ ഓൺലൈൻ വിദ്യാഭ്യാസ രീതിക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തതയുമുൾപ്പെടെയുള്ള വിഷയങ്ങൾ വിദ്യാർത്ഥികളെ അലട്ടുന്നുണ്ട്. പഠനാന്തരീക്ഷം വീടുകളിൽ ഇല്ലാത്തതും മറ്റ് സാമ്പത്തിക പ്രയാസങ്ങളും മാനസികപിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നുണ്ട്.

വിദ്യാർത്ഥികളുടെ വീടുകളിലെ സാഹചര്യം നേരിട്ട് മനസിലാക്കുന്നതിനും കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ വീടുകളിലേക്കെത്തിക്കുന്നതിനുമാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി ഹോം വിസിറ്റുകൾ സംഘടിപ്പിക്കുന്നത്. ജൂൺ 27 വരെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹോം വിസിറ്റുകൾ നടത്തും.