തിരുവനന്തപുരം: കാട്ടാക്കടയിൽ എസ്എഫ്ഐ പ്രവർത്തകൻ മിഥുൻ സജികുമാറിന്റെ വീടിനുനേരെ ആക്രമണം. വീടിന്റെ ജനാലകൾ അടിച്ചു തകർത്തു. ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് മിഥുൻ ആരോപിച്ചു.

വെളുപ്പിന് രണ്ട്മണിയോടെയാണ് കാട്ടാക്കട ആമച്ചൽ സ്വദേശി മിഥുന്റെ വീടിനുനേരെ ആക്രമണമുണ്ടായത്. നാല് ബൈക്കുകളിലായെത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. ആയുധധാരികളായ സംഘം വീടിന്റെ ജനാലകൾ അടിച്ചു തകർത്തു. നെയ്യാറ്റിൻകര ധനുവച്ചപുരം കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് മിഥുൻ. കോളേജിലെ എസ്എഫ്ഐ- എബിവിപി സംഘർഷത്തിന്റെ തുടർച്ചയാണ് വീടിനുനേരെയുള്ള ആക്രമണമെന്ന് മിഥുൻ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ധനുവച്ചപുരം കോളേജിലെ മൂന്ന് വിദ്യാർഥികളുടെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.