ഇടുക്കി: മൂന്നാറില്‍ പിങ്ക് പട്രോളിംഗ് പിന്നാലെ ഷാഡോ പൊലീസും. സ്‌റ്റേഷനുകളില്‍ പൊലീസിന്‍റെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും വിനോദസഞ്ചാരികളുടെ സുരക്ഷയുറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് ടൗണില്‍ ഷാഡോ പൊലീസിന്‍റെ സേവനം ഏര്‍പ്പെടുത്തിയതെന്ന് മൂന്നാര്‍ ഡിവൈഎസ്പി രമേഷ്‌ കുമാര്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാറിലെ ട്രാഫിക്ക് പരിഷ്ക്കാരങ്ങള്‍ മൂന്നാറില്‍ നടന്നുവരുകയാണ്. ഇന്നലെ രാവിലെ മൂന്നാര്‍ ടൗണില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പെട്ടിക്കടകള്‍ എടുത്തുമാറ്റി. 

രാത്രി കച്ചവടം നടത്തുന്നവര്‍ നടപ്പാതകളില്‍ സ്ഥാപിച്ചിരുന്ന പെട്ടിക്കടകളാണ് റവന്യുവകുപ്പിന്‍റെ സഹായത്തോടെ പൊലീസും ദൗത്യസംഘവും മാറ്റിയത്. രാത്രിയില്‍ 8 മണി കഴിഞ്ഞായിരിക്കും നഗരത്തിലെ രാത്രിക്കടകളഅ‍ സജീവമാകുക. കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണിലും സമീപങ്ങളിലും മോട്ടോര്‍വാഹനവകുപ്പിന്‍റെ നേത്യത്വത്തില്‍ 165 ഓട്ടോകളാണ് പരിശോധിച്ചത്. ഇതില്‍ 64 ഓട്ടോകള്‍ അനധികൃതമായാണ് ഓടുന്നതെന്ന് കണ്ടെത്തുകയും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഒരു ഓട്ടോ കണ്ടുകെട്ടിയിട്ടുണ്ട്.