പാലക്കാട് ജില്ലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെഎസ്‌യു വൻ വിജയം നേടിയപ്പോൾ ആഘോഷമാക്കി ഷാഫി പറമ്പിൽ
പാലക്കാട്: പാലക്കാട് ജില്ലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെഎസ്‌യു വൻ വിജയം നേടിയപ്പോൾ ആഘോഷമാക്കി ഷാഫി പറമ്പിൽ എംൽഎ. വിക്ടോറിയ കോളേജിലെ ഭിന്ന ശേഷിക്കാരനായ ജനറൽ ക്യാപ്റ്റൻ മുഹമ്മദ് എഫ്ള മിനെ തോളിലേറ്റിയായിരുന്നു ഷാഫി പറമ്പിൽ എംഎൽഎ യുടെ വിജയാഹ്ലാദം.വിക്ടോറിയയും പിടിച്ചു. ഈ വിക്ടോറിയൻ കാറ്റിനും ഇനി പറയാനുള്ളത് കെ എസ് യു ഗാഥ. പാലക്കാട്ടെ മണ്ണിനും വിണ്ണിനും കെഎസ്യുവിന്റെ നീല നിറം എന്നും വീഡിയോക്കൊപ്പം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഷാഫി പറമ്പിലിന്റെ കുറിപ്പിങ്ങനെ...
വിക്ടോറിയയും പിടിച്ചു. ഈ വിക്ടോറിയൻ കാറ്റിനും ഇനി പറയാനുള്ളത് കെ എസ് യു ഗാഥ. പാലക്കാട്ടെ മണ്ണിനും വിണ്ണിനും കെഎസ്യുവിന്റെ നീല നിറം. പാലക്കാട് ജില്ലയിൽ കെഎസ് യു തരംഗം. തൃത്താല ഗവ. കോളേജ്, പട്ടാമ്പി ഗവ. കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, ഒറ്റപ്പാലം എൻഎസ്എസ് കോളേജ്, നെന്മാറ എൻഎസ് എസ് കോളേജ്, പറക്കുളം എൻഎസ്എസ് കോളേജ്, പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളേജ്, ആനക്കര എഡബ്യുഎച്ച് കോളേജ്, പട്ടാമ്പി ലിമൻറ് കോളേജ്, എന്നിവിടങ്ങളിൽ ഐതിഹാസികമായ സമ്പൂർണ്ണ വിജയം. മുഴുവൻ ക്രെഡിറ്റും കെ എസ് യു പോരാളികൾക്ക്. അനിവാര്യമായ മാറ്റത്തിന് മുന്നേ നടന്ന വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ.
പാലക്കാട് വിക്ടോറിയ കോളേജിൽ 23 വർഷത്തിനു ശേഷമാണ് കെ എസ് യു യൂണിയൻ പിടിച്ചെടുത്തത്. ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ സീറ്റുകളിൽ ഉൾപ്പെടെ കെഎസ്‌യു വിജയിച്ചു. പട്ടാമ്പി ഗവ. കോളേജിൽ 42 വർഷത്തിനു ശേഷമാണ് കെഎസ്‌യുവിന് യൂണിയൻ ലഭിച്ചത്. നെന്മാറ എൻഎസ്എസ് കോളേജിലും കെഎസ്‌യു വിജയക്കൊടി നാട്ടി. ഒറ്റപ്പാലം എൻഎസ്എസ് കോളേജ്, തൃത്താല ഗവൺമെൻറ് കോളേജ് എന്നിവിടങ്ങളിലും കെഎസ്‌യു ആധിപത്യം പുലർത്തി. ഇതാദ്യമായാണ് ഈ കോളേജുകളിൽ കെഎസ്‌യു മുന്നിലെത്തുന്നത്. മണ്ണാർക്കാട് എംഇഎസിൽ ആറിൽ നിന്നും പതിനെട്ടിലേക്ക് കെഎസ്‌യു സീറ്റ് നില ഉയർത്തി. അതെ സമയം ചിറ്റൂർ കോളേജ് എസ്എഫ്ഐ നിലനിർത്തി.
