മണ്ണിടിച്ചിൽ മൂലം ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിൽ ആണെന്നും അങ്കോള മാതൃകയിലുള്ള അപകടങ്ങൾ സംഭവിക്കുവാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഷാഫി, മന്ത്രിയെ നേരിൽ കണ്ടത്
ദില്ലി: ദേശീയപാത 66 ൽ നിർമ്മാണത്തിനിടെ മുക്കാളി, മടപ്പള്ളി, കുന്നിയൂര്‍ മല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഷാഫി പറമ്പിൽ എം പി അറിയിച്ചു. ഈ പ്രദേശത്തെ മണ്ണിടിച്ചിൽ മൂലം ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിൽ ആണെന്നും അങ്കോള മാതൃകയിലുള്ള അപകടങ്ങൾ സംഭവിക്കുവാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഷാഫി പറമ്പിൽ എം പി, മന്ത്രിയെ നേരിട്ട് കാണുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ഈ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് ഷാഫി പറമ്പിൽ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
ഷാഫി പറമ്പിലിന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ
മണ്ണിടിഞ്ഞുവീണ സ്ഥലങ്ങളിലെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും മന്ത്രിയെ നേരിട്ട് കാണിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ ഹൈവേ അതോറിറ്റിക്ക് നോട്ട് നൽകിയത്. നേരത്തെ എം പി യും പ്രോജക്ട് ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ വെള്ളകെട്ടുള്ള സ്ഥലങ്ങള്‍ നേരിട്ട് സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായ പരിഹാരനടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും ശാശ്വത പരിഹാരം അനിവാര്യമാണെന്ന് ഷാഫി പറമ്പിൽ, മന്ത്രിയോട് ആവശ്യപ്പെട്ടു. സോയിൽ നൈലിംഗ് കേരളത്തിലെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത ടെക്നോളജിയാണ് നിലവിൽ പിന്തുടരുന്നത്. അതിന് ബദൽ മാർഗ്ഗം കണ്ടെത്തി എത്രയും പെട്ടെന്ന് തന്നെ റോഡിന്റെ ഇരുവശവും സുരക്ഷിതമാക്കണമെന്ന് എം പി മന്ത്രിയോട് ആവശ്യപ്പെട്ടു. ഷിരൂരില്‍ അര്‍ജുന് ഉണ്ടായ ദുരന്തം ഇനി എവിടെയും ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുവാന്‍ എം പി മന്ത്രിയോട് അഭ്യര്‍ഥിച്ചു.
ഈ മണ്ണിടിച്ചൽ ഉണ്ടായ സ്ഥലങ്ങളുടെ മുകളിൽ താമസിക്കുന്ന ആളുകളുടെ വീട്ടിൽ വിള്ളൽ വീണതും ജലസ്രോതസ്സുകൾ തടസ്സപ്പെട്ടതും ഭൂമി വിണ്ടു കീറുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചിത്രങ്ങൾ സഹിതം എം പി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ പശ്ചാത്തലത്തിൽ പ്രസ്തുത സ്ഥലത്ത് താമസിക്കുന്നവരുടെ സുരക്ഷയെ ഓർത്ത് ഈ സ്ഥലങ്ങൾ കൂടെ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടതാണെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി. ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനും വെള്ളക്കെട്ടിന്റെ ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗത കുരുക്ക് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ദേശീയ ഹൈവേ അതോറിറ്റിയുടെ ചെയർമാന്റെ അധ്യക്ഷതയിൽ അടിയന്തരയോഗം വിളിച്ചു ചേർക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ച് കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും സത്വര നടപടികൾ കൈക്കൊള്ളുന്നതിന് മന്ത്രി നിർദ്ദേശം നൽകി.
ഓണം കളറാകും, ഇക്കുറി ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ; 'പ്ലാസ്റ്റികും മാലിന്യവും ശ്രദ്ധിക്കണം'
