Asianet News MalayalamAsianet News Malayalam

ഇന്നും നിലക്കാത്ത റേഡിയോ പ്രേമം, എല്ലാം അറിവ് നേടാനെന്ന് ഷൺമുഖൻ

ജോലി കഴിഞ്ഞ് വീട്ടിൽ ചെന്നാലും കുളി കഴിഞ്ഞെത്തുന്ന ഷൺമുഖൻ റേഡിയോ ഓണാക്കും. ആദ്യ ഘട്ടത്തിൽ രണ്ട് ബാറ്ററി ഇടുന്ന ത്രി ബാന്റ് റേഡിയോയാണ് ഉപയോഗിച്ചിരുന്നത്...

shanmukhan makes life with love of radio
Author
Alappuzha, First Published Apr 16, 2021, 7:27 PM IST

ആലപ്പുഴ: ചേർത്തല നഗരസഭ 21-ാം വാർഡിൽ കിഴക്കേ അരീപറമ്പിൽ കെ ജി ഷൺമുഖൻ (82) റേഡിയോ ഉപയോഗിക്കാത്ത ദിവസമില്ല. അടങ്ങാത്ത ആഗ്രഹവും അറിവ് നേടാനുള്ള താല്‍പ്പര്യവുമാണ് റേഡിയോ ജീവിതത്തിന്റെ ഭാഗമാക്കിയെതെന്ന് അദ്ദേഹം പറയുന്നു. കയർ ഫാക്ടറി തൊഴിലാളിയായ ഷൺമുഖൻ ജോലിയ്ക്ക് പോകുമ്പോഴും റേഡിയോ കൊണ്ടുപോകും. കയർ പിരിക്കുന്നതിനിടെ പാട്ടുകളും, കഥകളും, നാടകങ്ങളും, സംഗീത കച്ചേരികളും കൂടാതെ വയലും വീടും വരെ ഇടമുറിയാതെ കേട്ടുക്കൊണ്ടേരിയ്ക്കും. 

ജോലി കഴിഞ്ഞ് വീട്ടിൽ ചെന്നാലും കുളി കഴിഞ്ഞെത്തുന്ന ഷൺമുഖൻ റേഡിയോ ഓണാക്കും. ആദ്യ ഘട്ടത്തിൽ രണ്ട് ബാറ്ററി ഇടുന്ന ത്രി ബാന്റ് റേഡിയോയാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് വൈദ്യുതിയിൽ ഉപയോഗിയ്ക്കുന്ന റേഡിയോ വാങ്ങിയത്. പഴയ കാലത്ത് വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവർ പോക്കറ്റ് റേഡിയോ കൊണ്ടുവരുന്നത് ഷൺമുഖൻ ആരാധനയോടെ കണ്ടിട്ടുണ്ട്. കയർ തൊഴിലാളിയായ ഷൺമുഖന് തുടക്കത്തിൽ 70 രൂപയായിരുന്നു കൂലി കിട്ടിയിരുന്നത്. 

റേഡിയോ വാങ്ങണമെന്ന ആഗ്രഹം കടുത്തതോടെ കൂലി കിട്ടിയ 70 രൂപ കടയിൽ കൊടുത്ത് 210 രൂപ വിലയുള്ള റേഡിയോ വാങ്ങി. ബാക്കി തുക ഘട്ടംഘട്ടമായാണ് കൊടുത്ത് തീർത്തത്. ഒരു തിരുവോണ ദിവസമായിരുന്നു റേഡിയോ വാങ്ങിയത്. ഭാര്യ രാധയ്ക്ക് ആദ്യമൊക്കെ അലോരസമെന്ന് തോന്നിയെങ്കിലും പിന്നീട് അവരും റേഡിയോയുടെ ഭാഗമായിമാറി. സ്റ്റേഷൻ തുറക്കുമ്പോൾ തന്നെ ഷൺമുഖൻ റേഡിയോ ഓൺ ചെയ്യും. രാത്രിയിൽ നിലയം ഓഫാക്കുന്നതുവരെ ഷൺമുഖൻ പരിപാടി കേട്ടുകൊണ്ടിരിക്കും. കയർ തൊഴിൽ ഇടയ്ക്ക് വച്ച് നഷ്ടപ്പെട്ടു. പിന്നീട് ലോട്ടറി കച്ചവടം തുടങ്ങിയ ഷൺമുഖന് അപ്പോഴും റേഡിയോ ജോലിയുകയും ഭാഗമായി മാറി. 

മുന്നിൽ നിരത്തിയ ലോട്ടറിയുടെ മുകളിൽ ഗമയോടെ റേഡിയോ ഫുൾ ഓളിയത്തിൽ വയ്ക്കും. ഇതിനോടകം ചെറുതും വലുതുമായ 25 ഓളം റേഡിയോ വാങ്ങിച്ചിട്ടുണ്ട്. ഷൺമുഖന് അസുഖം വന്നാലൊന്നും അത്രപെട്ടെന്ന് ആശുപത്രിയിൽ പോയി മരുന്ന് വാങ്ങിയ്ക്കാൻ കൂട്ടാക്കാറില്ല. എന്നാൽ റേഡിയോയ്ക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അപ്പോൾ തന്നെ റിപ്പയറിനെ കാണിച്ച് ശരിയാക്കി വയ്ക്കും. വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉള്ളത് കൊണ്ട് വീട് വിട്ട് പോകാറില്ല. എന്നാൽ ഇപ്പോഴും റേഡിയോവിട്ട് കളിയില്ല ഷൺമുഖന്. ഉഷാകുമാരി, നടരാജൻ, രാജീവ് എന്നീ മൂന്ന് മക്കളാണുള്ളത്. അതിൽ രാജീവ് അറിയപ്പെടുന്ന മിമിക്രി കലാകാരനാണ്. 
 

Follow Us:
Download App:
  • android
  • ios