ആലപ്പുഴ : സൈക്കിൾ റിപ്പയറിംഗില്‍ അറുപത് വർഷം പിന്നിട്ട ഷറീഫിന് എഴുപത്തിനാലിലും ആവേശത്തിന് കുറവുമില്ല. ഏത് പഴയ സൈക്കിളും ഭംഗിയായി പെയിന്റ് വർക്കുകൾ ചെയ്യുന്ന ആലപ്പുഴയിലെ അപൂര്‍വ്വം സൈക്കിൾ റിപ്പയർമാരിൽ ഒരാളാണ് നാട്ടുകാരുടെ  ഷറീഫിക്ക. വിദേശ സൈക്കിളുകളും റിപ്പയർ ചെയ്യുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം. ആറാം തരത്തിൽ പഠനം നിർത്തിയ ഷറീഫ്  നേരെ ഇറങ്ങിയത് സൈക്കിൾ റിപ്പയർ പഠിക്കാനാണ്. 

അബൂബക്കർ - ആസിയ ഉമ്മ ദമ്പതികളുടെ പതിനൊന്ന്  മക്കളിൽ രണ്ടാമനായ ഷറീഫിനെ വീട്ടിലെ സാഹചര്യമാണ് സൈ ക്കിൾ റിപ്പയർ മേഖലയിലെത്തിച്ചത്. ചെറുപ്പത്തിൽ സൈക്കിൾ കടയിൽ നിന്ന് ദിനംപ്രതി ലഭിച്ചിരുന്ന നാണയ തുട്ടുകൾ വിശപ്പടക്കാൻ തികയില്ലായിരുന്നു. റിപ്പയർ പണിയൊക്കെ പഠിച്ച് കഴിഞ്ഞ് സ്വന്തമായി പണിചെയ്യാൻ തുടങ്ങിയപ്പോൾ കൈനിറയെ പണം ആയി. 22 വയസിൽ 16 കാരി ആയിഷത്ത്, ഷറീഫിന്റെ ജീവിത പങ്കാളിയായി. മൂന്ന് മക്കളാണ് ഷറീഫിന്.  

മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി, എല്ലാവരും വിവാഹിതരായി. ഒരു മകൾക്ക് സർക്കാർ ജോലിയും ലഭിച്ചു. സ്വന്തമായി വീടും സ്ഥലവും വാങ്ങി. ഇതൊക്കെ ഈ പണി ചെയ്ത് ലഭിച്ച വരുമാനത്തിൽ നിന്നാണെന്ന് ഷറീഫിക്ക അഭിമാനത്തോടെ പറഞ്ഞു. വെളുപ്പിന് പതിവായി അഞ്ച് മണിക്ക് എഴുനേൽക്കുന്ന ഷറീഫിക്ക ഒൻപത് മണിയോടുകൂടി ഭാര്യ തയ്യാറാക്കി നല്‍കുന്ന ഉച്ചഭക്ഷണവുമായി സൈക്കിളില്‍ തന്റെ സൈക്കിള്‍ റിപ്പയര്‍ കടയിലേയ്ക്ക് യാത്ര തിരിക്കും. ആയുസ്സും അരോഗ്യവുമുള്ളിടത്തോളം ഞാൻ തൊഴിലെടുത്ത് തന്നെ ജീവിക്കുമെന്നും  വയസായി എന്ന തോന്നല്‍  തന്റെ  മനസില്‍ ഇല്ലെന്നും ഷറീഫ് പുഞ്ചിരിച്ചുകൊണ്ട്  പറഞ്ഞു.