ആലപ്പുഴ: ജനിച്ചത് രണ്ടും പെണ്‍കുട്ടികള്‍. ഇതേതുടര്‍ന്ന് ആണ്‍കുഞ്ഞിനായി കാത്തിരുന്ന ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു. ഇതോടെ രണ്ട് പെണ്‍കുട്ടികളുമായി യുവതിയുടെ ജീവിതം വഴിമുട്ടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11 -ാം വാര്‍ഡ് പൂങ്കാവ് പള്ളിക്കത്തയ്യില്‍ ഷീബ (30) യാണ് ജീവിക്കാന്‍ നിര്‍വാഹമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. സ്വന്തമായി കിടപ്പാടമില്ലാത്ത ഷീബയും കുടുംബവും പഴകിയ വാടകവീട്ടിലാണ് താമസിക്കുന്നത്.

ജനിച്ചത് രണ്ടും പെണ്‍കുട്ടികളായതിന്‍റെ പേരിലാണ് ഭര്‍ത്താവ് ഷീബയെ ഉപേക്ഷിച്ചത്. കാഴ്ചശേഷിയില്ലാത്ത പിതാവ് ജോസഫും അമ്മ മേഴ്‌സിയും ഷീബയ്‌ക്കൊപ്പമാണ് ഇപ്പോള്‍ താമസം. വാടകപോലും കൊടുക്കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലാണ് ഷീബയും കുടുംബവും. മത്സ്യത്തൊഴിലാളിയായിരുന്ന ജോസഫ് ശാരീരികാവശതകളെ തുടര്‍ന്ന് വര്‍ഷങ്ങളായി ജോലിക്ക് പോകുന്നില്ല. 

ഷീബയുടെ അമ്മ മേഴ്‌സി വീട്ടുജോലിക്ക് പോകുന്നുണ്ട്. മക്കളെ പഠിപ്പിക്കുവാനും നിത്യചെലവിനും ഷീബ ഇന്ന് ഏറെ ബുദ്ധിമുട്ടുകയാണ്. സ്‌കൂള്‍ ബസില്‍ സഹായിയായി പോകുമ്പോള്‍ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഷീബയുടെയും കുടുംബത്തിന്‍റെ ആശ്രയം. എട്ടും ഏഴും വയസ്സുള്ള മക്കള്‍ നാലിലും രണ്ടിലുമാണ് പഠിക്കുന്നത്. ഫോണ്‍: 8592992823.