ഒടുവിൽ അനുമതിയെത്തി, പുറംകടലില്‍ നിന്ന് വിഴിഞ്ഞത്ത് നങ്കൂരമിട്ട് തകരാറിലായ എണ്ണക്കപ്പൽ
ഇന്നലെ വൈകിട്ടോടെ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചതിനെ തുടർന്നാണ് ഈ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്

തിരുവനന്തപുരം: എൻജിൻ തകരാറിലായി കടലിൽ നങ്കൂരമിട്ട കപ്പൽ ഒടുവിൽ വിഴിഞ്ഞത്തേക്ക് എത്തുന്നു. ബംഗ്ലാദേശിലെ ചിറ്റാഗോംഗ് തുറമുഖത്ത് നിന്നും ഷാർജ്ജയിലേക്ക് പോകുന്ന വഴി എൻജിൻ തകരാറിനെ തുടർന്നാണ് വിഴിഞ്ഞം തുറമുഖത്തുനിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെ വിദേശകപ്പൽ നങ്കൂരമിട്ടിരുന്നത്. ഇന്നലെ വൈകിട്ടോടെ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചതിനെ തുടർന്നാണ് ഈ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്.
കപ്പലിനെ കേരളാ മാരിടൈം ബോർഡിന്റെ കീഴിലുള്ള വിഴിഞ്ഞം തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി കയറ്റി. മുംബയിൽ നിന്നുള്ള രണ്ട് ടെക്നീഷ്യൻമാർ പരിശോധനക്കായി കപ്പലിൽ എത്തിയിട്ടുണ്ടെന്നാണ് കപ്പലിന്റെ ഏജൻസിയായ തലസ്ഥാനത്തെ ഡോവിൻസ് റിസോഴ്സ് കമ്പനി അധികൃതർ വിശദമാക്കിയത്. ഗാബോൺ ഫ്ലാഗ് എണ്ണക്കപ്പലായ എംടിഎംഎസ് ജി എന്ന കപ്പൽ രണ്ട് ദിവസം മുമ്പാണ് എഞ്ചിൻ തകരാറിലായി വിഴിഞ്ഞത്ത് പുറംകടലിൽ എത്തിയത്.
ഇന്ന് ഉച്ചയോടെ തകരാർ പരിഹരിക്കുന്നതിനായുള്ള സ്പെയർ പാർട്ട്സുകൾ എത്തിച്ച് തകരാർ പരിഹരിച്ച് കപ്പൽ നാളെ മടങ്ങുമെന്നാണ് കരുതുന്നതെന്ന് പർസർ വിനുലാൽ എസ്. അറിയിച്ചു തുറമുഖ പർസറിന് പുറമേ അസി. കൺസർവ്വേറ്റർ അജീഷ്, ടഗ് ജീവനക്കാർ എന്നിവർ രാത്രിയിൽ നടന്ന പരിശോധന അടക്കമുള്ള നടപടികൾക്ക് നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം