തിരുവനന്തപുരം: ദാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ഈ ഓണക്കാലത്ത് കുട്ടികളിൽ ദാനശീലം വളർത്തി കാഞ്ഞിരംകുളം നെല്ലിമൂട് ന്യൂ ശിശുവിഹാർ എൽപി സ്‌കൂൾ. ഓണാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിലെ കൊച്ചു കുട്ടികൾ സഹപാഠികൾക്ക് വസ്ത്രങ്ങളും സമ്മാനങ്ങളും കൈമാറി. കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ ദാന ശീലം വളർത്തുന്നതിന്‍റെ ഭാഗമായാണ് സ്‌കൂളിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ പിടിഎ കമ്മിറ്റി തയ്യാറായത്.  രക്ഷിതാക്കൾ വാങ്ങി നൽകിയ വസ്ത്രം കുട്ടികൾ സ്‌കൂളിലെ തന്നെ മറ്റൊരു വിദ്യാർത്ഥിക്ക് ഓണാഘോഷ പരിപാടികൾക്ക് ഇടയിൽ കൈമാറുകയായിരുന്നു. 

അധ്യാപക ദിനത്തിൽ കുട്ടികൾക്ക് മാതൃകയായി, അധ്യാപകരും സ്‌കൂളിലെ അനാധ്യാപകാരായ ജീവനകാർക്ക് വസ്ത്രങ്ങളും സമ്മാനങ്ങളും കൈമാറി. സ്‌കൂളിലെ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്നു. വ്യാഴാഴ്ച രാവിൽ സ്‌കൂൾ അങ്കണത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ സ്‌കൂൾ ഹെഡ്മിസ്ട്രസ് പ്രബില കുമാരി ഉദ്‌ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്‍റ്  ഷൈജി ആർ ദാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപികമാരായ ലേഖ, രേഖ എന്നിവർ സംസാരിച്ചു.