നാഗസ്വര കലാകാരന്മാരെ ലഭിക്കാതെ വന്നതോടെ അടിയന്തിര ചടങ്ങുകള്‍ മുടങ്ങി. ക്ഷേത്രക്ഷേമ സമിതിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഈ തസ്തികകളിലേക്ക് സ്ഥിരനിയമനം നടത്തി പ്രശ്നം പരിഹരിച്ചു.

തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഇന്നലെ പാണ്ടിവാദ്യങ്ങളായ തകിലും നാഗസ്വരവുമുള്‍പ്പെട്ട അടിയന്തിര ജോലി മുടങ്ങി. ഇവ ചെയ്തു വരുന്ന ജോലിക്കാരെ ദേവസ്വം നല്‍കുന്ന 400 രൂപ ദിവസവേതനത്തിനു കിട്ടാതെ വന്ന സാഹചര്യത്തിലാണ് ശനിയാഴ്ച അടിയന്തിരത്തിന് തകിലും നാഗസ്വരവും ഇല്ലാതെ തേവരുടെ പതിവു പൂജകളും ശിവേലികളും നടത്തേണ്ടി വന്നത്.

അതേസമയം ദേവസ്വം ബോര്‍ഡില്‍നിന്ന് മതിയായ ദിവസവേതനത്തുക അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് ക്ഷേത്രം മാനേജര്‍ സ്വന്തം നിലയ്ക്ക് 400 രൂപ കൂടി കൂട്ടി പ്രതിഫലത്തുക നല്‍കാന്‍ തീരുമാനിച്ചിട്ടും ആരും ഇതിനായി എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഈ നില തുടര്‍ന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഭണ്ഡാരം എണ്ണല്‍ വരെ തടയുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രക്ഷേമ സമിതി മുന്നറിയിപ്പു നല്‍കി.

പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതിനു മുന്‍പായി ശനിയാഴ്ച തന്നെ ഈ രണ്ടു തസ്തികകളിലേക്കും സ്ഥിരനിയമനം നടത്തി വിവരം സമിതി ഭാരവാഹികളെ ദേവസ്വം ബോര്‍ഡ് അധികാരികള്‍ അറിയിച്ചു. തൃപ്രയാര്‍ തേവര്‍ക്ക് പുലര്‍ച്ചെ മുതല്‍ തന്നെ നടത്തിവരുന്ന പള്ളിയുണര്‍ത്തല്‍ ചടങ്ങ് മുതല്‍ക്കുതന്നെ അനിവാര്യമായതാണ് തകിലും നാഗസ്വരവും. പള്ളിയുണര്‍ത്തലിന് ഇവ രണ്ടും മുടങ്ങിയിട്ട് നാളുകളായി.

ശംഖനാദവും വെടി ശബ്ദവുമാണിപ്പോള്‍ പള്ളിയുണര്‍ത്തലിന് പതിവുള്ളത്. ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനങ്ങള്‍ കൊണ്ടു പോകുന്ന ദേവസ്വം ബോര്‍ഡ് തേവരുടെ നിത്യനിദാനച്ചടങ്ങുകളില്‍ അലംഭാവം കാണിക്കുന്നതായാണ് ഭക്തര്‍ അഭിപ്രായപ്പെടുന്നത്.