പരുതൂർ കുളമുക്ക് സ്വദേശിയായ രമ്യയുടെ മക്കളാണ് ശ്രീനന്ദയും അഭിഷേകും. ഇവരുടെ അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണി പാതി നിർത്തിയ വീട്ടിലാണ് ഇവരുടെ താമസം
പാലക്കാട്: സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സത്യസന്ധതയ്ക്ക് പത്തരമാറ്റ് സ്വർണ തിളക്കവുമായി ഈ വിദ്യാർത്ഥികൾ. പാലക്കാട് വെള്ളിയാങ്കല്ലിൽ നിന്ന് കളഞ്ഞ് കിട്ടിയ ഒന്നര പവൻ്റെ സ്വർണ പാദസ്വരം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് സ്കൂൾ വിദ്യാർത്ഥികളായ ശ്രീനന്ദയും അഭിഷേകും. പരുതൂർ കുളമുക്ക് സ്വദേശിയായ രമ്യയുടെ മക്കളാണ് ശ്രീനന്ദയും അഭിഷേകും. ഇവരുടെ അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണി പാതി നിർത്തിയ വീട്ടിലാണ് ഇവരുടെ താമസം.
അവധി ദിനത്തിൽ വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ എത്തിയതായിരുന്നു ഇരുവരും. പാർക്കിൽ കറങ്ങി നടക്കുന്നതിനിടെയാണ് പടിക്കെട്ടുകളോട് ചേർന്ന് സ്വർണ്ണാഭരണം വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇരുവരും പാർക്ക് സന്ദർശിക്കാനെത്തിയവരോട് ആഭരണം നഷ്ടമായിട്ടുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. ഉടമസ്ഥനെ കണ്ടെത്താനാവാതെ വന്നതോടെ സഹോദരങ്ങൾ ആഭരണം പൈതൃക പാർക്ക് ഓഫീസിൽ ഏൽപ്പിച്ചു. പാർക്ക് ജീവനക്കാർ ഉടൻ തന്നെ ആഭരണം തൃത്താല പൊലീസിലും ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പാദസ്വരത്തിന്റെ ഉടമ എത്തുന്നത്.
തവനൂർ സ്വദേശി നഫീസയുടെ സ്വർണ്ണ പാദസരമാണ് വെള്ളിയാങ്കല്ല് പാർക്കിൽ നഷ്ടപ്പെട്ടത്. പൊലീസ് സാന്നിധ്യത്തിൽ കുട്ടികൾ പാദസ്വരം ഉടമക്ക് കൈമാറി. ശ്രീനന്ദ പരുതൂർ ഹയർ സെക്കൻ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയും അനുജൻ അഭിഷേക് പഴയങ്ങാടി യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയുമാണ്.
