കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ഓടുന്ന സിഗ്മ ബസ് അമിത വേഗതയിലും അപകടകരമായ രീതിയിലും ഓടിയതിനെ തുടർന്ന് നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് തടഞ്ഞു. 

കോഴിക്കോട്: അമിത വേഗതയിലും അപകടകരമായ രീതിയിലും ഓടിയ ബസ് നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടഞ്ഞു. കോഴിക്കോട് - കുറ്റ്യാടി റൂട്ടില്‍ ഓടുന്ന സിഗ്മ ബസാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ സര്‍വീസ് നടത്തിയത്. തുടര്‍ന്ന് പേരാമ്പ്ര സ്റ്റാന്റിലെത്തിയ ബസ് നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടയുകയായിരുന്നു. സ്വകാര്യ ബസിന്റെ അമിത വേഗതയില്‍ പ്രതിഷേധിച്ചാണ് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും ബസ് തടഞ്ഞത്.

വൈകീട്ടോടെ പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജിന് സമീപം ഹോണ്‍ മുഴക്കി തെറ്റായ ദിശയില്‍ അമിത വേഗതയിൽ എത്തിയ ബസ് കുട്ടികളെ ഇടിക്കുന്ന തരത്തില്‍ വെട്ടിച്ച് ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഡ്രൈവര്‍ കുട്ടികളെ അസഭ്യം വിളിച്ചതായും പരാതിയുണ്ട്. തുടർന്ന് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും പിറകെ വിദ്യാര്‍ത്ഥികള്‍ എത്തി ബസ് തടയുകയായിരുന്നു. 

അതേസമയം വെള്ളിയൂര്‍, ചാലിക്കര, മുളിയങ്ങല്‍ എന്നീ സ്ഥലങ്ങളിലും ഇതേ ബസിൽ നിന്ന് സമാന അനുഭവമുണ്ടായതായി പരാതിയുണ്ട്. തുടര്‍ന്ന് നാട്ടുകാരും വാഹന യാത്രക്കാരും പേരാമ്പ്ര ബസ് സ്റ്റാന്റില്‍ എത്തിയിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.