മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ കാളികാവ്, പോരൂർ പഞ്ചായത്തുകളിൽ നിന്ന് കന്നിയങ്കത്തിനിറങ്ങിയ സഹോദരിമാർക്ക് മിന്നുന്ന വിജയം. ചാത്തങ്ങോട്ടുപുറം നാരായണന്റെ മക്കളായ രജിലയും ഷനിലയുമാണ് വിജയതേരോട്ടം നടത്തിയത്. എൽഡിഎഫിന്റെ മുതിർന്ന നേതാക്കൾ തുടക്കം മുതൽ പതറിയപ്പോൾ പാർട്ടിയുടെ മാനം കാത്തത് കറുത്തേനിയിലെ ചാത്തങ്ങോട്ടുപുറം തറവാട്ടിലെ ഈ സഹോദരിമാരാണ്. 

സിപിഎം സ്ഥാനാർഥിയായി മത്സരിച്ച മൂത്ത സഹോദരി രജില പോരൂരിലും ഷനില കാളികാവിലുമാണ് വിജയിച്ചത്. പോരൂർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് വിജയിച്ചത് മൂന്ന് വാർഡുകളിൽ മാത്രമാണ്. 12ാം വാർഡിൽ അയനിക്കോട്ടിൽ രജിലയുടെ വിജയം നിർണായകമായി. ഷനില കാളികാവ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നുമാണ് വിജയിച്ചത്. രണ്ടുപേരും പാർട്ടി ചിഹ്നത്തിലാണ് മത്സരിച്ചത്.