പൊട്ട്, നൈസ് തുടങ്ങിയ രഹസ്യ കോഡുകള്‍ ആയിരുന്നു വാട്‌സ് ആപ്പിലൂടെ കഞ്ചാവ് കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന രഹസ്യ ഭാഷ. പിടിയിലായതിനു ശേഷവും പ്രതികളില്‍ പ്രധാനിയായ അല്‍ സല്‍മാന്റെ ഫോണില്‍ പലരും കഞ്ചാവ് ഉപയോഗിക്കുന്നതിനായി വിളിക്കുകയുണ്ടായി

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ആലിശ്ശേരി ആര്‍ ഒ പ്ലാന്റ് ഭാഗത്ത് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ ആറ് യുവാക്കളെ കഞ്ചാവുമായി പിടികൂടി.

ആലപ്പുഴ മുനിസിപ്പാലിറ്റി ലജനത്തുല്‍ വാര്‍ഡില്‍ എന്‍ എം കമ്പിവളപ്പില്‍ വീട്ടില്‍ അല്‍ത്താഫ്(20), സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ ചെമ്മാ മന്‍സിലില്‍ അല്‍ സല്‍മാന്‍(19), ആറാട്ടുവഴി വാര്‍ഡില്‍ ചിറപ്പറമ്പ് വീട്ടില്‍ ഫിനാസ്(18), ലജനത്തുല്‍ വാര്‍ഡ് തൈപ്പറമ്പ് വീട്ടില്‍ അസര്‍ അലി(18), ലജനത്തുല്‍ വാര്‍ഡില്‍ എന്‍ എം കമ്പിവളപ്പില്‍ വീട്ടില്‍ ആഷിഖ് റഹിം(19), ആലിശ്ശേരി വാര്‍ഡില്‍ ചെമ്പരത്തി വീട്ടില്‍ ജയശങ്കര്‍(20) എന്നിവരെയാണ് എക്സെെസ് അറസ്റ്റ് ചെയ്തത്.

ആലിശ്ശേരി ആര്‍ ഒ പ്ലാന്‍റിന്‍റെ പരിസരങ്ങളില്‍ യുവാക്കള്‍ പലസമയത്തും വന്ന് തമ്പടിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്ത് ഷാഡോ എക്‌സൈസിന്റെ നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയില്‍ ഈ സ്ഥലത്ത് യുവാക്കള്‍ വന്ന് പോകുന്നതായി ശ്രദ്ധയില്‍പെട്ടത്.

പിടികൂടിയവരില്‍ പലരും കോളേജ് വിദ്യാഭ്യാസം നിര്‍ത്തിയവരും ഒരു വര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നവരുമാണെന്ന് എക്സെെസ് പറഞ്ഞു. ഇവരെ പിടികൂടിയതറിയാതെ മൊബൈല്‍ ഫോണിലൂടെ കഞ്ചാവ് വലിക്കുന്നതിനായി മൂന്ന് കിലോമീറ്റര്‍ ദൂരത്ത് നിന്ന് ഈ സ്ഥലത്ത് എത്തിച്ചേര്‍ന്ന ഒരാളെയും പിടികൂടിയിയിട്ടുണ്ട്.

വാട്‌സ് ആപ്പ് മുഖേനയാണ് ഇവര്‍ ഇടപാടുകള്‍ നടത്തി വന്നത്. പൊട്ട്, നൈസ് തുടങ്ങിയ രഹസ്യ കോഡുകള്‍ ആയിരുന്നു വാട്‌സ് ആപ്പിലൂടെ കഞ്ചാവ് കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന രഹസ്യ ഭാഷ. പിടിയിലായതിനു ശേഷവും പ്രതികളില്‍ പ്രധാനിയായ അല്‍ സല്‍മാന്റെ ഫോണില്‍ പലരും കഞ്ചാവ് ഉപയോഗിക്കുന്നതിനായി വിളിക്കുകയുണ്ടായെന്നും എക്സെെസ് അധികൃതര്‍ പറയുന്നു.

കഴിഞ്ഞമാസം സക്കറിയ മാര്‍ക്കറ്റിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ റെയ്ഡ് നടത്തി ആഡംബര ബൈക്കുകള്‍, ബുള്ളറ്റുകള്‍ എന്നിവ സഹിതം മെഡിക്കല്‍ വിദ്യാര്‍ഥി ഉള്‍പ്പടെയുള്ള ഒമ്പത് പേരെ പിടികൂടി കേസ് എടുത്തിരുന്നു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സക്കറിയ മാര്‍ക്കറ്റ്, ആലിശ്ശേരി പ്രദേശത്ത് ജനപങ്കാളിത്തത്തോടെ 'ജാഗ്രത സമിതികള്‍' രൂപീകരിക്കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. പിടികൂടിയ യുവാക്കളുടെ പേരില്‍ രണ്ട് പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.