റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്റ്റീൽ ബോംബും അഞ്ച് നാടൻ ബോംബുകളും കണ്ടെത്തിയത്.

കോഴിക്കോട്: മാഹി റെയിൽവേ സ്റ്റേഷന് സമീപം അഴിയൂരില്‍ ബോംബുകൾ കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്‍റെവിടയിലെ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്റ്റീൽ ബോംബും അഞ്ച് നാടൻ ബോംബുകളും കണ്ടെത്തിയത്. സമീപവാസിയായ സ്ത്രീ പറമ്പിലെ നാഗത്തറയിൽ വിളക്ക് കത്തിക്കാൻ വന്നപ്പോഴാണ് ബോംബ് കണ്ടത്.

സംഭവം അറിഞ്ഞ് പരിഭ്രാന്തരായ നാട്ടുകാര്‍ സ്ഥലത്ത് തടിച്ച് കൂടി. വിവരമറിഞ്ഞെത്തിയ ചോമ്പാൽ പൊലീസും ബോംബ് സ്ക്വാഡും ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. ആളൊഴിഞ്ഞ പ്രദേശമായ ഇവിടങ്ങളിൽ രാത്രി കാലങ്ങളിൽ അപരിചതർ എത്താറുണ്ടെന്ന് പരിസരവാസികൾ പൊലീസിനോട് പറഞ്ഞു.

വലിയ ഗ്രൗണ്ട് അടക്കമുള്ള പ്രദേശം രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമായിട്ട് മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് പൊലീസിന്‍റെ നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.