Asianet News MalayalamAsianet News Malayalam

രാത്രിയിൽ വീടുകയറി അക്രമം; വൃദ്ധ ദമ്പതികളടക്കം ആറ് പേർക്ക് മർദ്ദനം

അക്രമത്തിനിരയായവരും ബന്ധുക്കളായ അയൽ വീട്ടുകാരുമായി വഴിയെ ചൊല്ലി മാസങ്ങളായി നിലനിൽക്കുന്ന തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Six persons including an elderly couple for were assaulted  house violence at night.
Author
Charumoodu, First Published Mar 2, 2020, 8:06 AM IST

ചാരുംമൂട് : ഇടപ്പോണിൽ രാത്രിയിൽ വീടുകയറി അക്രമം. സംഭവത്തിൽ വൃദ്ധ ദമ്പതികളടക്കം ആറ് പേർക്ക് മർദ്ദനമേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്നെന്ന് കരുതുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നൂറനാട് ഇടപ്പോൺ തറയിൽ സുകുമാരപിളള (75) ഭാര്യ കമലമ്മ (65) മക്കളായ അരുൺ കുമാർ ( 45 )അനിൽകുമാർ (35) ചെറുമകൻ അനന്ദു (14) മാവേലിക്കര കാടുമഠത്തിൽ അനീഷ് (38) എന്നിവർക്കാണ് മർദ്ദനമേറ്റത്. ദമ്പതികളൊഴികെയുള്ള നാലു പേരാണ് ഇടപ്പോൺ ജോസ് കോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ശനിയാഴ്ച രാത്രി 12 മണിയോടെ 9 അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാർ പറയുന്നു. വീടിന്റെ ജനാല ചില്ലുകളും മറ്റും തകർക്കുന്ന ശബ്ദം കേട്ട് ഉണരുമ്പോൾ ആയുധങ്ങളുമായെത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്ന് അനിൽകുമാർ പറഞ്ഞു. സംഭവ സമയം മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം നൂറ് വയസുള്ള സുകുമാര പിള്ളയുടെ മാതാവും വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ടുണർന്ന് വീടിന്റെ മുറ്റത്തു നിൽക്കുമ്പോളാണ് തിരികെ വന്ന അക്രമി സംഘം അനീഷിനെ മർദ്ദിച്ചത്. കുത്തിയോട്ടം കലാകാരനാണ് അനീഷ്.

അക്രമത്തിനിരയായവരും ബന്ധുക്കളായ അയൽ വീട്ടുകാരുമായി വഴിയെ ചൊല്ലി മാസങ്ങളായി നിലനിൽക്കുന്ന തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തർക്കം  സംബന്ധിച്ച് നൂറനാട് പൊലീസിൽ നൽകിയ പരാതികൾ കഴിഞ്ഞ ദിവസം ഒത്തുതീർപ്പാക്കിയതിനു പിന്നാലെയാണ് അക്രമമുണ്ടായതെന്നും അനിൽകുമാർ പറഞ്ഞു. അയൽ വീട്ടുകാരും സംഭവത്തിൽ ഉൾപ്പെട്ടതെന്ന് കരുതുന്നതുമായ രണ്ടു പേരെയാണ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Follow Us:
Download App:
  • android
  • ios