അമ്പലപ്പുഴ: കെഎസ്ആർറ്റിസി ബസ് ബൈക്കിൽ തട്ടി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. തകഴി പഞ്ചായത്ത് തെന്നടി അഞ്ചിൽ വീട്ടിൽ രഞ്‍ജിത്തിന്‍റെ മകൾ ആരാധ്യയാണ് മരിച്ചത്. ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം  ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് തെന്നടിയിലെ വീട്ടിലേക്കു പോകുകയായിരുന്നു രഞ്ജിത്തും ഭാര്യ രാജശ്രീയും ഇവരുടെ മക്കളായ ആര്യന്‍(നാലര), ആരാധ്യയും. ഇവരുടെ ബൈക്കില്‍ ആലപ്പുഴയിൽ നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് തട്ടുകയായിരുന്നു.

ബസിന്‍റെ മധ്യഭാഗം ബൈക്കിൽ തട്ടിയതിനെ തുടർന്ന് ആരാധ്യ വലതുഭാഗത്ത് റോഡിലേക്കും മറ്റുള്ളവർ ഇടതു വശത്തേക്കും വീഴുകയായായിരുന്നു. ഈ സമയം ദേഹത്തുകൂടി ബസിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങിയ ആരാധ്യ തൽക്ഷണം മരിച്ചു. ഓടി കൂടിയ നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ടവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആരാധ്യയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.  തെന്നടി കാർമ്മൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആരാധ്യ. രാജശ്രീക്ക് സാരമായ പരിക്കുണ്ട്. അപകട ശേഷം നിർത്താതെ പോയ ബസ് വണ്ടാനത്ത് വച്ച് പൊലീസ് പിടികൂടുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.