Asianet News MalayalamAsianet News Malayalam

സ്മാർട് എനർജി മീറ്ററുകൾ വരുന്നു; കറന്‍റ് ബില്ലിൽ ഇനി കള്ളക്കളികൾ നടക്കില്ല

സ്മാർട് മീറ്റർ യാഥാർത്ഥ്യമാകുന്നതോടെ വൈദ്യുതി വകുപ്പ് ജീവനക്കാർ വീട്ടിൽ വന്ന് റീഡിംഗ് എടുക്കുന്ന കാലം കഴിയും. വിതരണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് ഒറ്റ ക്ലിക്കിൽ ഉപഭോക്താവിന്‍റെ വൈദ്യുതി ഉപയോഗം മനസ്സിലാക്കാം. കൂടാതെ കൃത്രിമം കണ്ടെത്തിയാൽ അപ്പോൾ തന്നെ ഫ്യൂസ് ഊരുകയും ചെയ്യാം.

smart energy meters are introducing  to prevent defrauding of electricity bills
Author
Palakkad, First Published Feb 2, 2019, 6:08 PM IST

പാലക്കാട്: വൈദ്യുതി ഉപഭോഗത്തിലെ കളളക്കളികൾ തടയാൻ സ്മാർട് എനർജി മീറ്ററുമായി പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് എന്ന പൊതുമേഖലാ സ്ഥാപനം. ഉപഭോക്താവ് ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ്  വിതരണ കേന്ദ്രത്തിലിരുന്ന് തന്നെ കൃത്യമായി മനസിലാക്കാൻ കഴിയുമെന്നതാണ് സ്മാർട് മീറ്ററിന്‍റെ പ്രധാന പ്രത്യേകത. 

സ്മാർട് മീറ്റർ യാഥാർത്ഥ്യമാകുന്നതോടെ വൈദ്യുതി വകുപ്പ് ജീവനക്കാർ വീട്ടിൽ വന്ന് റീഡിംഗ് എടുക്കുന്ന കാലം കഴിയും. വിതരണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് ഒറ്റ ക്ലിക്കിൽ ഉപഭോക്താവിന്‍റെ വൈദ്യുതി ഉപയോഗം മനസ്സിലാക്കാം. കൂടാതെ കൃത്രിമം കണ്ടെത്തിയാൽ അപ്പോൾ തന്നെ ഫ്യൂസ് ഊരുകയും ചെയ്യാം. ഇതാണ് സ്മാർട് എനർജി മീറ്ററിന്‍റെ സവിശേഷത. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്‍റെ  കഞ്ചിക്കോട്ടുളള യൂണിറ്റാണ് സ്മാർട് മീറ്ററെന്ന ആശയം പ്രാവർത്തികമാക്കിയിരിക്കുന്നത്.  പൊതുമേഖലയിൽ  സ്മാർട് മീറ്റർ നിർമ്മിക്കുന്ന ഏക സ്ഥാപനവും ഐ ടി ഐ ആണ്.

മീറ്ററിനകത്തെ സിം കാർഡും പ്രത്യേക സോഫ്റ്റ്‍വെയറും ഉപയോഗിച്ചാണ് വൈദ്യുതി ഉപയോഗത്തിന്‍റെ വിവരങ്ങൾ വിതരണ കേന്ദ്രത്തിലെത്തുന്നത്. ഗാർഹിക, വ്യാവസായിക ഉപയോഗത്തിന് വെവ്വേറെ മീറ്ററുകളും ഐടിഐ തയ്യാറാക്കിയിട്ടുണ്ട്. 

ഉത്തർപ്രദേശിൽ സ്ഥാപിക്കാനുളള സ്മാർട്ട് മീറ്ററുകൾ നിർമ്മിച്ചതും  കഞ്ചിക്കോട്ടെ ഐ ടി ഐ തന്നെയാണ്. അടുത്ത മാസത്തോടെ 5000 മീറ്ററുകൾ ഉത്തർപ്രദേശിന് കൈമാറും. 25 ലക്ഷം മീറ്ററുകളുണ്ടാക്കാനുളള കരാറും പാലക്കാടുള്ള യൂണിറ്റിന് ലഭിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ സ്മാർട് എനർജി മീറ്റർ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ല.

Follow Us:
Download App:
  • android
  • ios