Asianet News MalayalamAsianet News Malayalam

ടാറിങ് പൂർത്തിയാക്കിയ സ്മാർട്ട് റോഡുകൾ വീണ്ടും വെട്ടിപ്പൊളിക്കുന്നു: പരിഹാരം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഭാവിയിൽ ഇത്തരം ഇരട്ടപ്പണി ഒഴിവാക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരുമായി ജലവിഭവ വകുപ്പ്  സെക്രട്ടറി കൂടിയാലോചന നടത്തി പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

smarts roads constructed in thiruvananthapuram are being dig again for water supply connections
Author
First Published Aug 15, 2024, 8:26 AM IST | Last Updated Aug 15, 2024, 8:26 AM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ആദ്യഘട്ട ടാറിങ് പൂർത്തിയായ സ്മാർട്ട് റോഡുകൾ കുടിവെള്ള പൈപ്പ് കണക്ഷൻ നൽകാൻ വീണ്ടും വെട്ടിപ്പൊളിക്കുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ, ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ, ചീഫ് എഞ്ചിനീയർ, ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ എഞ്ചിനീയർമാർ എന്നിവരടങ്ങിയ ഒരു സ്പെഷ്യൽ ടീമിന് ജലവിഭവ വകുപ്പ് സെക്രട്ടറി രൂപം നൽകി സമയബന്ധിതമായി റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന്   മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

സ്മാർട്ട് റോഡുകൾ ആവർത്തിച്ച് കുഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പൈപ്പ് ലൈനുകൾ സ്ഥാപിച്ചശേഷം റോഡുകൾ വീണ്ടും കുത്തിപൊളിക്കുന്നത് അടിയന്തരമായി പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ഇരട്ടപ്പണി ഒഴിവാക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരുമായി ജലവിഭവ വകുപ്പ്  സെക്രട്ടറി കൂടിയാലോചന നടത്തി പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ജലവിഭവ വകുപ്പു  സെക്രട്ടറി ആവശ്യമായ കൂടിയാലോചനകൾക്ക് ശേഷം രണ്ടാമതും കുഴിച്ച സമാർട്ട് റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ ആവശ്യമായ സമയവും സ്വീകരിച്ച നടപടികളും കമ്മീഷനെ അറിയിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. ജല അതോറിറ്റി മാനേജിംഗ് സയറക്ടറും ചീഫ് എഞ്ചിനീയറും റിപ്പോർട്ട് സമർപ്പിക്കണം. റോഡ് ഫണ്ട് ബോർഡ്, സ്മാർട്ട് സിറ്റി പ്രോജക്റ്റ് എന്നീ സ്ഥാപനങ്ങളുടെ വിശദീകരണങ്ങളും ഇതിനൊപ്പം  സമർപ്പിക്കണം. 

തിരുവനന്തപുരം നഗരത്തിൽ നടത്തുന്ന അറ്റകുറ്റപണികളെ കുറിച്ച് ജല അതോറിറ്റി എം.ഡി യഥാസമയം സിറ്റി പോലീസ് കമ്മീഷണറെ അറിയിക്കണം. കമ്മീഷണർ ഇക്കാര്യം ട്രാഫിക് പോലീസിനെ അറിയിച്ച ശേഷം പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ നടപടിയെടുക്കണം. സ്വീകരിച്ച നടപടികൾ കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണം. ഒരു മാസത്തിനകം റിപ്പോർട്ടുകൾ സമർപ്പിക്കണം. കേസ് സെപ്റ്റംബർ 26 ന് പരിഗണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios