Asianet News MalayalamAsianet News Malayalam

ദുബൈ ടൂ കരിപ്പൂർ, വായിൽ ഒളിപ്പിച്ച് കൊണ്ട് വന്നത് സ്വർണ ചെയിൻ; സ്വർണനാണയം അടിവസ്ത്രത്തിൽ, പിടിച്ചെടുത്തു

ഷാർജയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം മുഹമ്മദ് യാസിറിൽ നിന്ന് 210 ഗ്രാം തൂക്കമുള്ള സ്വർണ നാണയങ്ങൾ പിടിച്ചെടുത്തു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ നാണയങ്ങൾ

smuggling through karipur airport customs seized gold btb
Author
First Published Feb 21, 2023, 2:26 AM IST

മലപ്പുറം: കൊണ്ടേട്ടി കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. വായിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ ചെയിൻ ഉൾപ്പെടെ കസ്റ്റംസ് വിജിലൻസ് വിഭാഗം വിവിധ സംഭവങ്ങളിലായാണ് കടത്ത് പിടികൂടിയത്. സ്വർണ നാണയങ്ങളും വിദേശ കറൻസികളും സ്വർണ മിശ്രിതവും ഇതിൽ ഉൾപ്പെടും. ദുബൈയിൽ നിന്ന് എത്തിയ അഹമ്മദ് ഷബീർ, നൂറുദ്ദിൻ എന്നിവരാണ് വായ്ക്കകത്ത് ഒളിപ്പിച്ച സ്വർണ ചെയിനുകൾ കടത്താൻ ശ്രമിച്ചത്. യഥാക്രമം 140 ,145 ഗ്രാം തൂക്കം വരുന്നതാണ് സ്വർണ ചെയിനുകൾ.

ഷാർജയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം മുഹമ്മദ് യാസിറിൽ നിന്ന് 210 ഗ്രാം തൂക്കമുള്ള സ്വർണ നാണയങ്ങൾ പിടിച്ചെടുത്തു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ നാണയങ്ങൾ. മറ്റൊരു കേസിൽ ദുബൈയിലേക്ക് പുറപ്പെടാനെത്തിയ മധുര സ്വദേശിയായ മുഹമ്മദ് യുസഫ് എന്നയാളിൽ നിന്ന് മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 6000 അമേരിക്കൻ ഡോളർ പിടികൂടി. 4,83,600 രൂപ വരുന്നതാണ് വിദേശ കറൻസി.

കഴിഞ്ഞ 14ന്  ദുബൈയിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയ രാമനാട്ടുകര സ്വദേശി ഷാഹുൽ ഹമീദ് കുനിയിൽ എന്നയാളുടെ കൈവശം ഉണ്ടായിരുന്ന കാർട്ടൻ പെട്ടി സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പിടികൂടിയിരുന്നു. 19ന് പെട്ടി വിദഗ്ധ പരിശോധന നടത്തിയപ്പോൾ ഒളിപ്പിച്ച നിലയിലുള്ള 752 ഗ്രാം സ്വർണം മിശ്രിതം കണ്ടെടുത്തിരുന്നു. ഇതിന് വിപണിയിൽ  25.31 ലക്ഷം രൂപ വില വരും. വിശദമായ തുടരന്വേഷണം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയത് 40 കോടിയുടെ 73 കിലോ സ്വർണമാണെന്നുള്ള കണക്കുകൾ പുറത്ത് വന്നിരുന്നു. വിവിധ കേസുകളിലായി 33 പേരാണ് അറസ്റ്റിലായത്. വിവരാവകാശ രേഖപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി  വിമാനത്താവളത്തിന് പുറത്തെത്തുന്ന പ്രതികളെയാണ് പൊലീസ് പിടികൂടുന്നത്.

ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് 'റോയൽ ഡ്ര​ഗ്സ്'; നടന്നിരുന്നത് ചില്ലറ കച്ചവടങ്ങളല്ല, അതിർത്തി കടന്ന് നീളുന്ന വൻ വേരുകൾ

Follow Us:
Download App:
  • android
  • ios