ഇറാനിലേക്കുള്ള ഉപരോധം ലംഘിച്ച ഇന്ത്യൻ നാവികരുൾപ്പെട്ട ഇന്ധന ടാങ്കർ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്ക സമ്മതിച്ചു. 24 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും ഇറാനുമായി പുതിയ കരാർ ഉടനുണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ ഹോർമൂസിൽ അമേരിക്കൻ ഹെലികോപ്റ്റർ തകർന്നു വീണു.
ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുൾപ്പെട്ട എം.ടി. മാരിവെക്സ് ഇന്ധന ടാങ്കർ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്ക. ഇറാനിലേക്കുള്ള ഉപരോധം ലംഘിച്ച് യാത്ര ചെയ്ത കപ്പൽ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് ആക്രമിച്ചതെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദീകരണം. ഇന്നലെയാണ് ഹോർമൂസിൽ 24 ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട കപ്പൽ ആക്രമിക്കപ്പെട്ടത്. അമേരിക്കൻ വ്യോമസേനയുടെ യുദ്ധവിമാനത്തിൽ നിന്നുള്ള മിസൈൽ ആക്രമണമാണ് കപ്പലിന്റെ എഞ്ചിൻ റൂമിനുനേരെ ഉണ്ടായത്.നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമിച്ചതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദീകരിക്കുന്നു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. ഒമാൻ അധികാരികൾ ഇവരെ ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.
മികച്ച ധാരണ ഉടനെയുണ്ടാകും -ട്രംപ്
ഇറാനുമായി മുൻപത്തേക്കാൾ മികച്ച ധാരണ ഉടനെയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഇറാനും ഇസ്രയേലും വെടിനിർത്തിയതിനാൽ സ്ഥിതി ശാന്തമാകുമെന്നും ട്രംപ് പറഞ്ഞു. ഇന്നലെ വൈകിയും ഇറാനിൽ മാരകമായ ആഖ്രമണത്തിന് ഇസ്രയേൽ വ്യോമസേന ഒരുങ്ങിയിരുന്നു. രാഷ്ട്രീയ തീരുമാനത്തെ തുടർന്ന് മാറ്റിവെച്ചു. ഇറാനിലെ ആക്രമണവുമായി മുന്നോട്ടു പോകുന്നതിൽ തെറ്റില്ലെന്നും പക്ഷെ പിന്നീടങ്ങോട്ടും ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടു പോകേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. ഇറാനും അപ്രതീക്ഷിതമായാണ് ഇസ്രയേലിനുള്ള തിരിച്ചടി അവസാനിച്ചതായി പ്രഖ്യാപിച്ചത്. ബറാക് ഒബാമയുടേതിനേക്കാൾ നല്ല കരാർ ഇറാനുമായി ഉടനെന്നാണ് ഡോണൾഡ് ട്രംപ് പറയുന്നത്.
അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്നു
ഇതിനിടെ, ഹോർമൂസിൽ അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. രണ്ട് യു.എസ് സേനാംഗങ്ങളും സുരക്ഷിതരാണ്. ആക്രമണത്തിലാണോ ഹെലിക്കോപ്റ്റർ തകർന്നതെന്ന് വ്യക്തമല്ല. ലബനനിൽ സൈനിക നടപടി ഇസ്രയേൽ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. ലബനനിലെ ടയിർ നഗരത്തിൽ ഒഴിഞ്ഞു പോകാൻ നിർദേശം നൽകി. ബെയ്റൂട്ടിലേക്ക് കടന്നു കയറി ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ട്.


