തിരുവല്ല കുറ്റപ്പുഴയിലെ എടിഎം കൗണ്ടറിൽ പണമെടുക്കാൻ കയറിയ യുവാവ് പാമ്പിനെ കണ്ട് രക്ഷപ്പെട്ടു. കൊടും ചൂടിൽ തണുപ്പ് തേടിയെത്തിയ പാമ്പിനെ കണ്ടതോടെ നാട്ടുകാർ എടിഎം പുറത്തുനിന്ന് പൂട്ടി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

തിരുവല്ല: നാട്ടിലെങ്ങും ചൂട് കൂടിയതോടെ വലിയ ഭീഷണയിയായി മാറിയിരിക്കുകയാണ് ഇഴജന്തുക്കൾ. അടുത്തിടെ പാമ്പുകടിയേറ്റ് കുട്ടി മരിച്ചതടക്കം നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. കൊടും ചൂടിൽ തനണുപ്പ് തേടി പാമ്പുകൾ എത്തുന്നതാണ് വലിയ പ്രതിസന്ധിയായി മാറുന്നത്. ഇപ്പോഴിതാ എടിഎം കൗണ്ടറിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. പണം പിൻവലിക്കാനായി എടിഎം കൗണ്ടറിൽ കയറിയ യുവാവ് പാമ്പിനെ കണ്ട് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. തിരുവല്ല കുറ്റപ്പുഴയിലെ എടിഎമ്മിലാണ് ഇന്ന് വൈകിട്ട് ഏഴരയോടെ പാമ്പിനെ കണ്ടെത്തിയത്. പണമെടുക്കാൻ എത്തിയ കുറ്റപ്പുഴ സ്വദേശിയാണ് പാമ്പിനെ ആദ്യം കണ്ടത്.

ആളെനക്കം കേട്ടതോടെ പാമ്പ് എടിഎം മെഷീന് സമീപത്തെ മൂലയിൽ ഒളിച്ചു. യുവാവ് ഉടൻ തന്നെ പുറത്തിറങ്ങി ബഹളം വെച്ചതോടെ സമീപവാസികൾ ഓടിക്കൂടി. പാമ്പ് പുറത്തിറങ്ങി ആരെയും ഉപദ്രവിക്കാതിരിക്കാൻ നാട്ടുകാർ ചേർന്ന് എടിഎം കൗണ്ടറിന്റെ വാതിൽ പുറത്തുനിന്ന് അടച്ച നിലയിലാണ്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെയും പാമ്പ് പിടുത്തക്കാരെയും നാട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടിയ ശേഷമേ എടിഎം കൗണ്ടർ തുറന്ന് പ്രവർത്തിപ്പിക്കൂ. കേരളത്തിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തണുപ്പ് തേടി പാമ്പുകൾ ഇത്തരം എസി മുറികളിലേക്ക് കയറുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസവും എറണാകുളത്ത് സമാനമായ രീതിയിൽ എടിഎമ്മിനുള്ളിൽ പാമ്പിനെ കണ്ടെത്തിയിരുന്നു.