കോഴിക്കോട്: മത്സ്യകൃഷിയുടെ ലാഭം പ്രളയ ബാധിതര്‍ക്കായി നീക്കിവച്ച് കോഴിക്കോട് പാവങ്ങാട്ടെ സ്നേഹ റെസിഡൻസ് കൂട്ടായ്മ. കൊടവങ്ങോട് മേഖലയിൽ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായ ഒരു കുടുംബത്തിനാണ് പണം നൽകുക.

വിഷരഹിത മത്സ്യകൃഷിയുടെ സാധ്യത തിരിച്ചറിഞ്ഞാണ് പാവങ്ങാട് സ്നേഹ റെസിഡൻസ് അസോസിയേഷൻ മത്സ്യകൃഷിക്കായി മുന്നിട്ടിറങ്ങിയത്. ഫിഷറീസ് വകുപ്പിന്‍റെ പിന്തുണയോടെ എട്ട് സെന്‍റ് സ്ഥലത്ത് കുളം നിര്‍മ്മിച്ചായിരുന്നു മത്സ്യകൃഷി. ജൈവ ആഹാരം നൽകി ശുദ്ധജലത്തിലാണ് മത്സ്യങ്ങളെ വളർത്തിയത്.

വിളവെടുത്ത മത്സ്യങ്ങൾ ക്ഷണനേരം കൊണ്ട് വിറ്റു തീർന്നു. മികച്ച വരുമാനവും കിട്ടി. ഇതോടെയാണ് ലാഭ വിഹിതം പ്രളയ ദുരിതാശ്വാസത്തിലേക്ക് കൈമാറാൻ തീരുമാനിച്ചത്. പദ്ധതി വിജയമായതോടെ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനും റസിഡന്‍റ്സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.