നവോത്ഥാന കേരളം കെട്ടിപ്പടുത്തുവാൻ സാമൂഹ്യ പരിഷ്കർത്താക്കൾ ഏറെ ത്യാഗങ്ങൾ സഹിച്ചെന്ന് മന്ത്രി എം എം മണി. എണ്ണമറ്റ ത്യാഗങ്ങൾ സഹിച്ചാണ് സാമൂഹ്യ പരിഷ്കർത്താക്കൾ മനുഷ്യരെ മനുഷ്യരാക്കാനും വഴിനടക്കുവാനും വസ്ത്രം ധരിക്കുവാനും ക്ഷേത്രത്തിൽ പ്രവേശിക്കുവാനുമുള്ള അവകാശങ്ങൾ നേടിയെടുത്തതെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി: നവോത്ഥാന കേരളം കെട്ടിപ്പടുത്തുവാൻ സാമൂഹ്യ പരിഷ്കർത്താക്കൾ ഏറെ ത്യാഗങ്ങൾ സഹിച്ചെന്ന് മന്ത്രി എം എം മണി. എണ്ണമറ്റ ത്യാഗങ്ങൾ സഹിച്ചാണ് സാമൂഹ്യ പരിഷ്കർത്താക്കൾ മനുഷ്യരെ മനുഷ്യരാക്കാനും വഴിനടക്കുവാനും വസ്ത്രം ധരിക്കുവാനും ക്ഷേത്രത്തിൽ പ്രവേശിക്കുവാനുമുള്ള അവകാശങ്ങൾ നേടിയെടുത്തതെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 -ാമത് വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാല ചരിത്രങ്ങൾ മറക്കുവാൻ പാടില്ല, ചാതുർവർണ്യ സിദ്ധാന്തത്തിലൂടെ ജനങ്ങളെ വിഭജിച്ചുള്ള സമ്പ്രദായങ്ങളാണ് കഴിഞ്ഞ കാലഘട്ടങ്ങളിൽ ഭാരതത്തിലെമ്പാടും നടന്നത്. ഇതിൽ തന്നെ ഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗം ഉൾപ്പെട്ടിരുന്നില്ല. സവർണ്ണ മേധാവികൾ ഈ തത്വം സമൂഹത്തിൽ അടിച്ചേൽപ്പിച്ചു. ഇത്തരം അനാചാരങ്ങൾക്കെല്ലാം കാലഘട്ടത്തിനനുശ്രുതമായ മാറ്റങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സാംസ്കാരിക വകുപ്പ്, പുരാരേഖാ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
