ഇടുക്കി: മുതിരപ്പുഴയിലെ മണ്ണും മാലിന്യങ്ങളും നീക്കുന്ന ജോലികള്‍ ആരംഭിച്ച് മൂന്നാര്‍ പഞ്ചായത്ത്. പ്രളയത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണലുമാണ് ആദ്യഘത്തില്‍ നീക്കം ചെയ്യുന്നത്. പുഴയുടെ സമീപത്ത് മണ്ണിടിച്ചലിന്  സാധ്യതയുള്ള മേഘലയില്‍ കല്‍ഭിത്തിനിര്‍ക്കുന്നതിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്തിന്റെ സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ വ്യക്തമാക്കി. 

കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തിയിട്ടും മുതിരപ്പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസം നില്‍ക്കുന്ന മണ്ണും മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് അധിക്യതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മാധ്യമ വാര്‍ത്തകള്‍ എത്തിയതോടെയാണ് അധിക്യതര്‍ നടപടിയുമായി രംഗത്തെത്തിയത്. ആദ്യഘട്ടമെന്ന നിലയില്‍ പുഴയുടെ ഒഴുക്കിന് തടസം നില്‍ക്കുന്ന മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യും. 

രണ്ടാം ഘട്ടമായി മണന്‍ നീക്കം ചെയ്ത് പുഴയുടെ ആഴം കൂട്ടും. പെരിയവാര കവല മുതല്‍ പഴയമൂന്നാര്‍ വരെയാണ് യന്ത്രങ്ങളുടെ സഹായത്തോടെ ആദ്യഘട്ട പണികള്‍ ആരംഭിച്ചിരിക്കുന്നത്. മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് നിരവധി വ്യാപാരസ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം കച്ചവടക്കാര്‍ പുഴയോരത്ത് കാലവര്‍ഷത്തില്‍ മണ്ണിടിയാതിരിക്കുന്നതിനും വെള്ളം കയറുന്നത് തടയുന്നതിനും ഭിത്തികള്‍ നിര്‍മ്മിക്കുന്നതിന് അനുമതിവേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രാകാരം പഞ്ചായത്തിന്റെ അനുമതിയോടെ ഭിത്തികള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കും. പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമില്ലാതെയുള്ള ഭിത്തിനിര്‍മ്മാണത്തിനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രാകാരം അനുമതി നല്‍കുകയെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ പറഞ്ഞു. 

കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുന്നോടിയായി പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പഴയമൂന്നാറിലെ ചെക്ക് ഡാം അടുത്ത ദിവസം തുറക്കും. കെഎസ്ഇബിയുടെ അനുമതിപ്രകാരം ചെളി നീക്കം ചെയ്യും. കൊവിഡിന്റെ പശ്ചാതലത്തില്‍ നിലച്ചിരുന്ന പണികളാണ് അടിയന്തരസാഹചര്യം മുന്‍നിര്‍ത്തി അധിക്യതര്‍ ആരംഭിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ പുഴയിലെ നീരൊഴുക്ക് സ്വാഭാവിക നിലയിലെത്തും.