മഴ ശക്തമാകുന്നതോടെ ചെളി കലര്‍ന്ന വെള്ളം കിണറുകളിലേക്ക് ഒഴുകിയെത്തുകയാണെന്ന് നാട്ടുകാര്‍

കൊല്ലം: ദേശീയപാതാ നിര്‍മ്മാണത്തിനായി കൂട്ടിയിട്ട മണ്ണ് കൊല്ലം അയത്തില്‍ സ്വദേശികളുടെ കുടിവെള്ളം മുട്ടിക്കുന്നുവെന്ന് പരാതി. മഴ ശക്തമാകുന്നതോടെ ചെളി കലര്‍ന്ന വെള്ളം കിണറുകളിലേക്ക് ഒഴുകിയെത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഓട കവിഞ്ഞൊഴുകുന്ന വെള്ളവും ചെളിയും അടിഞ്ഞു ചേരുന്നത് വീടുകള്‍ക്ക് മുന്നിലാണ്.

ദാഹിച്ചു വന്നാല്‍ വെള്ളം കോരിയെടുക്കാം എന്നല്ലാതെ അതേപടി കുടിക്കാന്‍ കഴിയില്ല. കല്ലുംതാഴം - അയത്തില്‍ മേഖലകളിലെ കിണര്‍ നിറയെ ഉപ്പുരസമുള്ളതും നിറം മാറിയതുമായ വെള്ളമാണ്. ദേശീയ പാത നിര്‍മ്മാണത്തിനായി സമീപത്ത് കുന്നുകൂട്ടിയ കറുത്ത മണ്ണ് മഴയില്‍ ഒലിച്ചിറങ്ങി വെള്ളം മലിനമാകുന്നുവെന്നാണ് പരാതി. മൂന്നു മാസമായി ഇതാണ് അവസ്ഥയെന്ന് നാട്ടുകാര്‍ പറയുന്നു.

ഓട നിര്‍മ്മാണത്തിലെ അപാകത കാരണം വെള്ളവും ചെളിയും അടിയുന്നതും വീടുകള്‍ക്ക് മുന്നിലാണ്. വലയുകയാണ് പ്രദേശവാസികള്‍. ദേശീയപാത അധികൃതരെ അടക്കം പരാതിയുമായി സമീപിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുക്കള്‍ വീടുകളിലേക്ക് ഒലിച്ചിറങ്ങാതെ തടയണമെന്നാണ് ആവശ്യം. സഹികെട്ടാല്‍ പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. 

YouTube video player