തിരുവനന്തപുരം വെള്ളനാട് അവധിക്ക് നാട്ടിലെത്തിയ സൈനികൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചതിന് അറസ്റ്റിലായി. മദ്യലഹരിയിലായിരുന്ന ഇയാൾ അയൽവാസിയുടെ വളർത്തു നായയെയും അടിച്ചുകൊന്നു. ഇയാൾക്കെതിരെ മുമ്പും സമാനമായ കേസുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

തിരുവനന്തപുരം: തർക്കത്തിനിടെ അമ്മയുടെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സൈനികൻ അറസ്‌റ്റിൽ. വെള്ളനാട് നാലുമുക്ക് ശ്യാമ ഭവനിൽ ശിവപ്രസാദിനെ (37) ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ഇന്ദിരകുമാരിയെ (60) അരിവാൾ കൊണ്ട് വെട്ടുകയും വടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തെന്നാണ് പരാതി.

പഞ്ചാബിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് ലീവിന് എത്തിയതായിരുന്നു. ഇയാളും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തലയ്ക്ക് പരിക്കേറ്റ ഇന്ദിര കുമാരിയെ ആശുപത്രിയിൽ എത്തിച്ചത്. ശിവപ്രസാദ് മദ്യലഹരിയിൽ ആയിരുന്നെന്നാണ് വിവരം. അക്രമാസക്തനായ ഇയാളെ പൊലീസ് എത്തിയാണ് പിടികൂടിയത്.

ശിവപ്രസാദ് ഞായറാഴ്ച രാത്രി അയൽവാസിയുടെ വീട്ടിലെത്തി ബഹളം വച്ചെന്നും വളർത്തു നായയെ അടിച്ചു കൊന്നെന്നും ആരോപിച്ച് വീട്ടുകാർ ആര്യനാട് പൊലീസിന് പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഇയാൾ അമ്മയെ ആക്രമിച്ചത്. ശിവപ്രസാദിനെതിരെ മുമ്പും സമാനമായ പരാതികളും കേസുകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. അമ്മയെ ആക്രമിച്ച സംഭവത്തിലും വീട്ടിൽ അതിക്രമിച്ച് കയറി വളർത്തുനായയെ അടിച്ചുകൊന്ന പരാതിയിലുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.