തൊടുപുഴ എസ്എച്ച്ഒയ്‌ക്കെതിരെ ആരോ റിജോയുടെ പേരില്‍ അയച്ച പരാതിയില്‍ കഴിഞ്ഞ ദിവസം ഡിവൈഎസ്പി ഓഫിസിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. 

ഇടുക്കി : പല തരത്തിലുള്ള മോഷണങ്ങളെക്കുറിച്ച് നമ്മള്‍ നിത്യേന കേള്‍ക്കാറുണ്ട്. എന്നാല്‍ അഡ്രസ് മോഷ്ടിക്കപ്പെട്ട് അതൊരു തീരാ തലവേദനയായി മാറിയാലോ ? ഏറെ നാളായി അത്തരമൊരു തലവേദനയും പേറി നടക്കുകയാണ് തൊടുപുഴ സ്വദേശി റിജോ ഏബ്രഹാം. തന്‍ററെ പേരും വിലാസവും ഒപ്പും വരെ മോഷ്ടിച്ച് ഏതോ ഒരു വിരുതന്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ കാരണം നട്ടംതിരിയുകയാണ് മണക്കാട് പുതുപ്പരിയാരം സ്വദേശി റിജോ. മൂന്നു മാസത്തിനിടെ 32 വ്യാജ പരാതികളാണ് റിജോയുടെ ആഡ്രസില്‍ നിന്നും പോയത്. അതും മുഖ്യമന്ത്രിക്കും ഡിജിപിക്കും,

നിരന്തരം പരാതികളെത്തിയതോടെ പൊലീസ് അഡ്രസിലുള്ള ആളെ തെരഞ്ഞെത്തി. ഇതോടെ ഇടുക്കി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിരന്തരം കയറിയിറങ്ങേണ്ട അവസ്ഥയാണ് റിജോയ്ക്ക്. ഒടുവില്‍, പരാതികള്‍ക്ക് പിന്നില്‍ താനല്ലെന്നും പേര് ദുരുപയോഗം ചെയ്തതാണെന്നും കാണിച്ച് ഇടുക്കി എസ്പിക്കും തൊടുപുഴ ഡിവൈഎസ്പിക്കും റിജോ രേഖാമൂലം പരാതി നല്‍കി. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതികളുടെ തുടര്‍ അന്വേഷണത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് റിജോയുടെ ഫോണിലേക്കു വിളി തുടരുകയാണ്. 

Read More :  ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൌണ്ട് നിർമ്മിച്ച് വിദ്യാർത്ഥിയെ അപമാനിച്ചു, യുവാവ് പിടിയിൽ

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനും ഹ്യൂമന്‍ റൈറ്റ്സ് ഫോറം ഇടുക്കി ജില്ലാ സെക്രട്ടറിയുമാണ് റിജോ. പരാതികളുടെ പകര്‍പ്പുകള്‍ ലഭിക്കാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തു കാത്തിരിക്കുകയാണ് റിജോ ഇപ്പോള്‍. തൊടുപുഴ എസ്എച്ച്ഒയ്‌ക്കെതിരെ ആരോ റിജോയുടെ പേരില്‍ അയച്ച പരാതിയില്‍ കഴിഞ്ഞ ദിവസം ഡിവൈഎസ്പി ഓഫിസിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. ഫോണിലൂടെയുള്ള ഭീഷണികളും റിജോയ്ക്ക് തലവേദനയാണ്. ആള്‍മാറാട്ടം നടത്തി വ്യാജ കത്തുകളയക്കുന്നയാളെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് റിജോയുടെ ആവശ്യം.