അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കോഴിക്കോട്: വീട്ടിൽ വൈകി എത്തിയിത് ചോദ്യം ചെയ്തതിന് അച്ഛനെ മകൻ ആക്രമിച്ചു. താമരശ്ശേരി വെഴുപ്പൂർ സ്വദേശി അശോകനെയാണ് മകൻ ഫോണ്‍ കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ മുൻപിൽ വച്ചാണ് നന്ദു കിരണ്‍ അശോകന്റെ നേർക്ക് ഫോണ്‍ എറിഞ്ഞത്. നന്ദു പതിവായി വീട്ടിൽ വൈകിയെത്തുന്ന ആളാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ രാത്രിയും സമാന രീതിയിലുള്ള സംഭവമുണ്ടായി. പൊലീസെത്തി നന്ദുവിനെ പിടിച്ചുമാറ്റുന്നതിനിടെയാണ് കയ്യിലിരുന്ന മൊബൈൽ നന്ദു അച്ഛന് നേര്‍ക്ക് എറിയുന്നത്. അശോകന് തലക്ക് പരിക്കേറ്റിട്ടുണ്ട്. നന്ദു ലഹരി ഉപയോഗിക്കുന്ന ആളാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവം നടക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. നന്ദുവിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ ലഹരി വ്യാപനം കൂടുതലാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

വീട്ടിൽ വൈകിയെത്തിയത് ചോദ്യം ചെയ്തു; അച്ഛനെ ആക്രമിച്ച് യുവാവ് | Kozhikode | Attack