അവയവ ദാനത്തിന്റെ പ്രസക്തിയെക്കുറിച്ച് ആശുപത്രി അധികൃതർ വിവരിക്കുമ്പോഴേക്കും സാന്റോ, അമ്മ ജെസി സജിയോടും ജെസിയുടെ ഇരട്ടസഹോദരിയായ മിനി ഷാജിയടക്കമുള്ള മറ്റ് അടുത്ത ബന്ധുക്കളോടും തന്റെ അഭിപ്രായം പങ്കുവച്ചു കഴിഞ്ഞിരുന്നു...
തിരുവനന്തപുരം: അച്ചനെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ ഹൃദയം നുറുങ്ങുമ്പോഴും 18 കാരനായ മകൻ സാന്റോ സ്വീകരിച്ച തീരുമാനമാനം ശ്രദ്ധേയമാകുകയാണ്. അച്ഛന്റെ മസ്തിഷ്ക മരണം നടന്നിരിക്കുന്നുവെന്ന സ്ഥിരീകരണം ഒരു ദുഃഖസത്യമായി ഉൾക്കൊള്ളേണ്ടി വന്ന നിമിഷം, മാരകമായ രോഗം നിമിത്തം മരണത്തോടു മല്ലടിക്കുന്ന രോഗികളിൽ അയാൾ തന്റെ അച്ഛനെ കാണുകയായിരുന്നു. അവയവ ദാനത്തിന്റെ പ്രസക്തിയെക്കുറിച്ച് ആശുപത്രി അധികൃതർ വിവരിക്കുമ്പോഴേക്കും സാന്റോ, അമ്മ ജെസി സജിയോടും ജെസിയുടെ ഇരട്ടസഹോദരിയായ മിനി ഷാജിയടക്കമുള്ള മറ്റ് അടുത്ത ബന്ധുക്കളോടും തന്റെ അഭിപ്രായം പങ്കുവച്ചു കഴിഞ്ഞിരുന്നു.
മൂന്ന് മാസത്തെ അവധി കഴിഞ്ഞ് അടൂർ പെരിങ്ങനാട് സാന്റോ കോട്ടേജിൽ സജിമോൻ ജോൺ (54) ഒരു മാസം മുമ്പ് ദുബായിലേക്ക് തിരികെ പോയി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് കലശലായ തലവേദന അദ്ദേഹത്തെ പിടികൂടിയത്. അവിടത്തെ ആശുപത്രിയിൽ 27 ദിവസം ചികിത്സ തേടിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ തലവേദനയ്ക്ക് ശമനമുണ്ടായില്ല. 25 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. തുടർന്ന് നാട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിമോൻ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച രാത്രിയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
വെള്ളിയാഴ്ച നടന്ന അവയവ ദാനത്തിലൂടെ കിംസ് ആശുപത്രിയിൽ കരളും ഒരു വൃക്കയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്ക് ഒരു വൃക്കയും നൽകി. കേരളാ സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ ) വഴിയാണ് അവയവ ദാന പ്രകൃയയും വിന്യാസവും ഏകോപിപ്പിച്ചത്. സജിമോൻ ജോണിന്റെ സംസ്കാരം ശനി പകൽ 12 ന് പെരിങ്ങനാട് . ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.
