Asianet News MalayalamAsianet News Malayalam

വീടു വിറ്റ് പണം നൽകിയില്ല; മരുമകൻ അമ്മായിയമ്മയെ ടോർ‌ച്ചുകൊണ്ട് അടിച്ചുകൊന്നു

മാധവിയുടെ പേരിലുള്ള നാല്സെന്റ് സ്ഥലവും വീടും വിറ്റ് പണം നൽകണമെന്നാവശ്യപ്പെട്ട് അജിതകുമാർ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

son in law killed by mother in law for property issue
Author
Neyyattinkara, First Published Mar 20, 2019, 10:03 AM IST

നെയ്യാറ്റിൻകര: മരുമകന്റെ മർദ്ദനമേറ്റ് അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം. പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടിൽ മാധവി അമ്മയാണ് മരുമകൻ അജിതകുമാറിന്റെ മർദ്ദനമേറ്റ് മരിച്ചത്. വീടു വിറ്റ് പണം നൽകാത്തതിനെ തുടർന്നാണ് അജിതകുമാറിനെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ അജിതകുമാർ ഒളിവിലാണ്. 

മാധവിയുടെ പേരിലുള്ള നാല്സെന്റ് സ്ഥലവും വീടും വിറ്റ് പണം നൽകണമെന്നാവശ്യപ്പെട്ട് അജിതകുമാർ  വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേ ചൊല്ലി ദിവസവും മാധവിയെയും ഭാര്യ മിനിയെയും ഇയാൾ മർദ്ദിക്കുക പതിവായിരുന്നു. സംഭവ ദിവസവും സ്വത്തിനെ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് അജിതകുമാർ, മിനിയുടെ വയറ്റിൽ ചവിട്ടുകയും മാധവിയുടെ തലയിൽ ടോർച്ചുകൊണ്ട് അടിക്കുകയുമായിരുന്നു. ഇതോടെ അവശനിലയിലായ മാധവി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. മാധവിയുടെ ദേഹത്തു പലയിടത്തും പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം അജിതകുമാറിനൊപ്പം ചേർന്ന് ഭർതൃസഹോദരിയും തങ്ങളെ മർദ്ദിച്ചതായി മിനി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കടയ്ക്കാവൂർ ദേവസ്വം ബോർഡ് സ്കൂളിലെ ജീവനക്കാരിയാണ് മിനി.  വിദേശത്ത് ജോലി ചെയ്തു വരികയാണ് അജിതകുമാർ. സംഭവത്തിൽ മാരായമുട്ടം പൊലീസ് കേസെടുത്തു.
 

Follow Us:
Download App:
  • android
  • ios