തെരുവുനായകൾക്കായി സ്ഥാപിച്ച ഷെൽട്ടർ ഹോം നടത്തിപ്പിൽ അഴിമതിയെന്ന് ആരോപണം. എൽഡിഎഫ് കക്ഷി നേതാവ് എസ് പി ദീപക് ആണ് ഭരണസമിതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തെരുവുനായ പ്രശ്നത്തിൽ മേയര്‍ക്കെതിരെ എൽഡിഎഫ് കക്ഷി നേതാവ് എസ് പി ദീപക് രംഗത്ത്. കുറ്റിച്ചൽ പഞ്ചായത്തിൽ തെരുവുനായകൾക്കായി സ്ഥാപിച്ച ഷെൽട്ടർ ഹോം ലൈസൻസ് ഇല്ലാത്തയാളെ ഏൽപിച്ചതിൽ അഴിമതിയെന്നാണ് ആരോപണം. ഷെൽറ്റര്‍ ഹോമിൽ നായകള്‍ ചത്തെന്ന് വീഡിയോ പുറത്തുവിട്ട് ദീപക് ആരോപിച്ചു. ഇരുന്നൂറോളം നായ്ക്കളെ പൂട്ടിയിട്ടിരിക്കുന്ന ഷെൽട്ടർ ഹോമിൽ വെള്ളമോ ഭക്ഷണമോ ഇല്ലെന്നും മൃഗങ്ങളോട് കാണിക്കാൻ പറ്റാത്ത ക്രൂരതയാണ് നടക്കുന്നതെന്നും ദീപക് ആരോപിക്കുന്നു.

കുറ്റിച്ചൽ പഞ്ചായത്തിലെ നഗരസഭയുടെ ഷെൽട്ടർ ഹോമിലെത്തി അവിടെ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് എസ് പി ദീപക്കിന്‍റെ ആരോപണം. ഒരു ഷെഡ്ഡിൽ മാത്രം ഇരുന്നൂറോളം നായകള്‍ തീറ്റയും വെള്ളവും കിട്ടാതെ കഴിയുന്നുവെന്നാണ് ആരോപണം. ഷെൽട്ടർ ഹോം സന്ദർശിച്ചപ്പോൾ നായകൾ ചത്തുകിടക്കുന്നത് കണ്ടുവെന്നും എസ് പി ദീപക് പറയുന്നു. കോർപറേഷൻ ഒരു നായയ്ക്ക് 50 രൂപയാണ് നൽകുന്നത്. ഈ പണം ചിലർ തട്ടുകയാണെന്നും ഷെൽട്ടർ ഹോം നടത്തിപ്പിൽ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്നും ദീപക് ആരോപിച്ചു.

വിവരാവകാശ നിയമപ്രകാരം ഇതുവരെ 1300 നായ്ക്കളെ പിടികൂടിയതായാണ് നഗരസഭാ വ്യക്തമാക്കുന്നത്. എന്നാൽ ഷെൽട്ടർ ഹോമുകളിൽ ഇതിന്റെ പകുതിപോലും ഇല്ല. ബാക്കിയുള്ളവയ്ക്ക് എന്തുപറ്റി എന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. അതേസമയം പ്രതിപക്ഷത്തിൻ്റെ ഇതിൽ പ്രതികരക്കാനില്ലെന്നാണ് മേയർ വി വി രാജേഷിൻ്റെ നിലപാട്. ദീപക് നിയമനടപടി സ്വീകരിക്കട്ടെയെന്നും മേയർ മറുപടി നൽകുന്നു.