തൃപ്പൂണിത്തുറ: വയനാട് ബത്തേരിയിൽ സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റ് ഷഹ്‍ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവം നാലുനാൾ ചർച്ച ചെയ്യാനും മറക്കാനുമുള്ളതല്ലെന്ന് എം സ്വരാജ് എംഎല്‍എ. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും അപകട സാധ്യതയില്ലെന്നുറപ്പാക്കാനുമാകണമെന്നും എംഎല്‍എ പറഞ്ഞു.

പ്രഥമ ശുശ്രൂഷയെക്കുറിച്ച് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ അവബോധമുണ്ടാവണം. വിദ്യാലയങ്ങളിലെ ജാഗ്രതയില്ലായ്മ മൂലം ഒരു കുട്ടിയുടെ പോലും ജീവൻ ഇനി പൊലിയരുത്. വയനാട് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ മണ്ഡലമായ തൃപ്പൂണിത്തുറയിലെ എല്ലാ വിദ്യാലയങ്ങളിലെയും പ്രധാനാദ്ധ്യാപകരുടെ യോഗം കേരളവർമ ഹാളിൽ ചേര്‍ന്നതായും എംഎല്‍എ അറിയിച്ചു.

എഇഒമാരും യോഗത്തിൽ പങ്കെടുത്തു. ഡിസംബര്‍ 10ന് മുമ്പായി എല്ലാ സ്കൂൾ പരിസരവും വൃത്തിയാക്കാനാണ് യോഗത്തിന്‍റെ തീരുമാനം. പ്രഥമ ശുശ്രൂഷയും ലഹരി വിരുദ്ധ കാമ്പയിനും ഉൾപ്പെടെ വിപുലമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. ഡിസംബർ 30ന് വീണ്ടും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും എംഎല്‍എ വ്യക്തമാക്കി.

അതേസമയം, സർവജന ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ഷഹ്‍ല ഷെറിന്‍ പാമ്പ് കടിയേറ്റ ക്ലാസ് മുറിയടക്കമുള്ള കെട്ടിടം ഉടൻ പൊളിക്കും. ക്ലാസ് മുറി നിന്നിരുന്ന കെട്ടിടം പൊളിച്ച് രണ്ടുകോടി രൂപ ചെലവിൽ പുതിയകെട്ടിടം നിർമിക്കുന്നതിനായി ഭരണാനുമതി ലഭിച്ചു. കെട്ടിടം നിർമിക്കാനുള്ള പ്ലാനും വിശദമായ എസ്റ്റിമേറ്റും നഗരസഭാ എൻജിനിയറിങ് വിഭാഗം വിദ്യാഭ്യാസ മന്ത്രിക്കും എൽഎസ്ജിഡി ചീഫ് എൻജിനിയർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും തിങ്കളാഴ്ച സമർപ്പിച്ചിരുന്നു.