പെരുവള്ളൂർ: കാടപ്പടിയിൽ വീട്ടിൽ നിന്ന് വൈദ്യുതി മോഷണം പിടികൂടി. വൈദ്യുതി വിഭാഗം വിജലൻസും ആന്റി  പവർ തെഫ്ട് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പെരുവള്ളൂർ ഇല്ലത്തുമാട് സ്വദേശി ജാഫറിന്റെ വീട്ടിൽ നിന്നും വൈദ്യുതിമോഷണം പിടികൂടിയത്. 

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വൈദ്യുതി പോസ്റ്റിൽ നിന്നും വീടിന്റെ സൻഷൈഡിലൂടെ മീറ്റർ ബോർഡിലെത്തുന്ന സർവ്വീസ് വയറിൽ കണക്ടർ ഘടിപ്പിച്ചായിരുന്നു മോഷണം. ഇവിടെനിന്നും പ്രത്യേക പൈപ്പ് ഉപയോഗിച്ചായിരുന്നു വൈദ്യുതി അടുക്കള ഭാഗത്തേക്ക് എത്തിച്ചിരുന്നത്. 

ഇരുനിലയിലുള്ള വീട്ടിൽ ഇലക്ട്രിക് ഓട്ടോ, എസി എന്നിവ അടക്കം വൈദ്യുതി ഏറെ ആവശ്യമുള്ള ഉപകരണങ്ങളുമുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.  സംഭവത്തിൽ 3,62,000 രൂപ കെ എസ് ഇ ബി പിഴ ഇടാക്കി. ഇതിന് പുറമേ നാൽപതിനായിരം രൂപ സർക്കാറിനും അടക്കേണ്ടി വരും. വീട്ടിലെ വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചു. 

ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി വിഭാഗം തേഞ്ഞിപ്പലം പൊലിസിൽ പരാതി നൽകി. വൈദ്യുതി വിഭാഗം ആവശ്യപ്പെട്ട നിശ്ചിത തിയ്യതിക്കുള്ളിൽ പിഴയടച്ചില്ലെങ്കിൽ വീട്ടുടമസ്ഥനെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് തേഞ്ഞിപ്പലം സിഐ ജി ബാല ചന്ദ്രൻ പറഞ്ഞു. 

മാസങ്ങൾക്ക് മുമ്പ് സമാനമായി പ്രദേശത്തെ മറ്റൊരു വീട്ടിലും വൻതോതിലുള്ള മോഷണം നടന്നിരുന്നു. അന്ന് റീഡിംഗ് എടുക്കാനായെത്തിയ ഉദ്യാഗസ്ഥന്റെ പരാതിയിൽ നടത്തിയ പരിശോധനയിലായിരുന്നു മോഷണം കണ്ടെത്തിയത്.