നാടകശാല സദ്യക്ക് വിഭവങ്ങൾ വിളമ്പാൻ കുട്ടകൾ നിർമിക്കുന്നത് ആചാരം തുടങ്ങിയ കാലം മുതൽ ആഞ്ഞിലിക്കാവ് കുടുംബത്തിലെ ഈ സഹോദരങ്ങളാണ്.
അമ്പലപ്പുഴ: അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ്റെ നാടകശാല സദ്യക്ക് വിഭവങ്ങൾ വിളമ്പാൻ പാരമ്പര്യപ്പെരുമ നില നിർത്തി കുട്ടകൾ നെയ്യുകയാണ് വേലായുധനും തങ്കമ്മയും. പ്രായത്തിൻ്റെ അവശതകൾ മറന്നാണ് ഈ സഹോദരങ്ങൾ കൃഷ്ണ സന്നിധിയിലേക്ക് ഇവ നിർമിക്കുന്നത്. ആമയിട ആഞ്ഞിലിക്കാവ് വേലായുധൻ (86), സഹോദരി തങ്കമ്മ (90) എന്നിവരാണ് നാടകശാല സദ്യക്ക് വിഭവങ്ങൾ വിളമ്പാൻ 13 ഓളം കുട്ടകൾ ഈറലിൽ നിർമിക്കുന്നത്.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കാലം മുതൽ നിലനിന്നുപോരുന്ന ആഘോഷമാണ് ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവ ദിവസം നടക്കുന്ന നാടക ശാല സദ്യ. ഇതിലേക്കുള്ള വിഭവങ്ങൾ വിളമ്പാൻ കുട്ടകൾ നിർമിക്കുന്നത് ആചാരം തുടങ്ങിയ കാലം മുതൽ ആഞ്ഞിലിക്കാവ് കുടുംബത്തിലെ ഈ സഹോദരങ്ങളാണ്. കാലങ്ങളേറെക്കഴിഞ്ഞിട്ടും പ്രായമേറെയായിട്ടും ഈ ആചാരത്തിന് മുടക്കം വരുത്താൻ ഈ സഹോദരങ്ങൾ തയ്യാറായിട്ടില്ല.
പലയിടങ്ങളിൽ നിന്നായി ശേഖരിക്കുന്ന ഈറലുകൾ ഉപയോഗിച്ച് ആഞ്ഞിലിക്കാവ് ക്ഷേത്രസന്നിധിയിലിരുന്നാണ് കൃഷ്ണ സന്നിധിയിൽ സമർപ്പിക്കാനുള്ള കൊട്ടകൾ നെയ്യുന്നത്. അരി, നെല്ല്, പച്ചക്കറികൾ എന്നിവ ഈ കുട്ടകളിലാക്കി എട്ടാം ഉത്സവ ദിവസം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് തിരിക്കുന്നത്. ആചാരങ്ങൾ നിലനിർത്താൻ കഷ്ടപ്പെടുമ്പോഴും ദേവസ്വം ബോർഡിൽ നിന്ന് ഒരു രൂപയുടെ പോലും സഹായം കിട്ടുന്നില്ലെന്ന പരാതിയാണ് ഇവർ സങ്കടത്തോടെ പറയുന്നത്.
കൊട്ടകളുമായി ക്ഷേത്രത്തിൽ ചെല്ലുമ്പോൾ കിട്ടുന്ന തുശ്ചമായ ദക്ഷിണ മാത്രമാണ് ആകെ ലഭിക്കുന്നത്. ഈ ചടങ്ങിന് പതിനയ്യായിരത്തിലധികം രൂപയാണ് ഈ വൃദ്ധ സഹോദരങ്ങൾക്ക് ചെലവാകുന്നത്. കുട്ടകൾക്കൊപ്പം നെല്ല്, പുകയില, വെറ്റില, പാക്ക് എന്നിവയും കൃഷ്ണ സന്നിധിയിൽ സമർപ്പിക്കും. ദേവസ്വം ബോർഡിൻ്റെ സഹായമൊന്നും ലഭിച്ചില്ലെങ്കിലും ആചാരങ്ങളും പതിവുകളും തെറ്റിക്കാതെ ഈ വർഷവും ഉണ്ണിക്കണ്ണന് സദ്യ വിളമ്പാൻ കുട്ടകൾ നിർമിക്കുന്ന തിരക്കിലാണ് ഇവർ.
