ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും തീയിട്ട യുവാക്കൾ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു
കോഴിക്കോട്: പി എസ് സിയുടെയും മറ്റും യൂണിഫോം തസ്തികകളിലേക്ക് കായിക പരിശീലനത്തിനായി ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ തീവെച്ച് നശിപ്പിച്ചു. കോഴിക്കോട് ചെറുകുളത്തൂര്‍ മഞ്ഞൊടി നമ്പോലത്ത് ഉണ്ണിക്കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഹൈജമ്പ് ബെഡും മറ്റ് ഉപകരണങ്ങളുമാണ് അജ്ഞാതര്‍ നശിപ്പിച്ചത്. പരീക്ഷാർഥികളായ യുവതീയുവാക്കള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നതിന് ഉപയോഗിച്ചു വരുന്ന വസ്തുക്കളാണ് തീയിട്ട് നശിപ്പിച്ചത്.
സഹകരണ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം, റെക്കോര്‍ഡ് റൂം കത്തി നശിച്ചു
കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് സംഭവം നടന്നത്. പെരുവയല്‍ സെന്റ് സേവ്യേഴ്‌സ് യു പി സ്‌കൂളിന് സമീപത്തെ ബാഡ്മിന്റണ്‍ കോര്‍ട്ടിന് സമീപത്താണ് ഇവ സൂക്ഷിച്ചിരുന്നത്. രണ്ട് യുവാക്കള്‍ ഇവിടെയെത്തി സാധനങ്ങള്‍ക്ക് തീയിടുന്നത് കണ്ടെന്ന് സമീപവാസിയായ സ്ത്രീ പറഞ്ഞു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും ഇവര്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വെള്ളിമാട്കുന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് ബാഡ്മിന്റണ്‍ കോര്‍ട്ട് കെട്ടിടത്തിന്റെ ജനലിനും തീപ്പിടിച്ചു. സംഭവത്തില്‍ മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ മാവേലിക്കര നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ചെട്ടികുളങ്ങര കമ്പനിപ്പടി ജങ്ഷനിൽ പ്രവർത്തിക്കുന്ന മധുരാപുരി ആയുർവേദ ആശുപത്രിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി എന്നതാണ്. സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇവർ വിവരം അറിയച്ചതിനെത്തുടർന്ന് മാവേലിക്കരയിൽ നിന്നും അഗ്നി രക്ഷസേന സംഘം എത്തിയെങ്കിലും കെട്ടിടത്തിൽ വലിയ രീതിയിൽ തീ ആളിപടർന്നിരുന്നതിനാൽ കായംകുളം, ചെങ്ങന്നൂർ നിലയങ്ങളിൽ നിന്നുള്ള വാഹനങ്ങളും എത്തിച്ചാണ് തീ അണച്ചത്. അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാവേലിക്കര, കായംകുളം നിലയത്തിൽ നിന്നുള്ള രണ്ട് യൂണിറ്റുകളും ചെങ്ങന്നൂർ നിലയത്തിൽ നിന്നുള്ള ഒരു യൂണിറ്റും രണ്ട് മണിക്കൂറോളം പ്രവർത്തിച്ച് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീ അണച്ചത്. തട്ടാരമ്പലം സ്വദേശി ധനഞ്ജയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് 60 വർഷത്തെ പഴക്കമുണ്ട്. കൊല്ലം സ്വദേശി മനു ശങ്കർ ആണ് ഇവിടെ മധുരാപുരി എന്ന പേരിൽ രണ്ട് വർഷമായി ആയുർവേദ സ്ഥാപനം നടത്തുന്നത്.
