തിരുവനന്തപുരം: പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ്ങ് കോളേജിന് ദേശീയ അംഗീകാരം. ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ ഊര്‍ജ്ജ സംരഭ പദ്ധതിയില്‍  ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ്ങ് കോളേജിനും പങ്കാളിത്തം ലഭിച്ചു. ഹൈഡ്രജന്‍ സംഭരണ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവേഷണങ്ങള്‍ക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. ഇതില്‍ ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള ശീതീകരണ ഉപകരണങ്ങളുടെ പഠനത്തിനാണ് കേളേജ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് കോടി രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്.

പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം 2019 ഫെബ്രുവരി 22ന് ദില്ലിയില്‍ നടന്നിരുന്നു. ഗവേണഷണ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഭുവനേശ്വര്‍, നോണ്‍ ഫെറസ് ടെക്നോളജി ഡെവലപ്മെന്‍റ് സെന്‍റര്‍ ഹൈദരാബാദ് എന്നിവയെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ ഊര്‍ജ്ജ സംരഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്‍എഫ്റ്റിഡിസി ഡയറക്ടര്‍ ഡോ ബാലസുബ്രഹ്മണ്യന്‍ നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം മേധാവി ജി മോഹന്‍ സഹ ഗവേൽകനാണ്. കോളേജിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായി  അംഗീകാരത്തെ കാണുന്നുവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ പ്രഭാകരന്‍ നായര്‍ പറഞ്ഞു.