Asianet News MalayalamAsianet News Malayalam

'ഓർമച്ചോപ്പ്'; സമരസഖാക്കളുടെ ഒത്തുചേരൽ, കേരളവര്‍മയിലെ ഓര്‍മകളുടെ വരാന്തയില്‍ മന്ത്രിയും മുൻ മന്ത്രിമാരും...

'അവിടെയുള്ള ഉരുളന്‍ ഗോവണിയുടെ എല്ലാ പടികളെയും ഞാന്‍ ചുംബിച്ചിട്ടുണ്ട്. സ്നേഹം കൊണ്ടോ സന്തോഷം കൊണ്ടോ അല്ല...'

sree kerala varma college aisf get together minister and two ex ministers attended SSM
Author
First Published Dec 31, 2023, 12:54 PM IST

തൃശൂര്‍: രാഷ്ട്രീയം പറഞ്ഞും പകര്‍ന്നും നടന്നവര്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ വീണ്ടും ഒത്തുചേര്‍ന്നു. പഴയ എ ഐ എസ് എഫ് സഖാക്കള്‍. രണ്ടു മുന്‍ മന്ത്രിമാരും ഇപ്പോഴത്തെ ഒരു മന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ ഓര്‍മ്മകളുടെ വരാന്തയില്‍ വന്നുനിന്നു.

ഓര്‍മ്മച്ചോപ്പ് എന്ന ഈ പരിപാടിക്ക് അധ്യക്ഷനില്ല, മുഖ്യാതിഥിയില്ല, കേരള വര്‍മയുടെ പഴയ മരച്ചോട്ടില്‍ കേക്ക് മുറിച്ച് മധുരം പരസ്പരം പങ്കുവച്ചായിരുന്നു കൂടിച്ചേരല്‍. എ ഐ എസ് എഫ് കേരളവര്‍മ കൂട്ടായ്മയായിരുന്നു സംഘാടകര്‍. ഒരു കാലത്തെ സമര നായകന്മാരുടെ സംഗമമായി ഓര്‍മ്മച്ചോപ്പ് എന്ന പരിപാടി. പ്രണയിച്ചും കാലത്തോട് കലഹിച്ചും നടന്ന ഓര്‍മ്മകള്‍ക്ക് തെളിച്ചവും തിളക്കവുമേറെ.

"ഒരുപാട് സമരം നടത്തിയിരുന്നു ഞങ്ങള്‍ ഇവിടെ. പൊലീസ് ഉള്‍പ്പെടെ ക്യാമ്പസിലേക്ക് വന്ന സംഭവമുണ്ടായി. അവിടെയുള്ള ഒരു ഉരുളന്‍ ഗോവണിയുടെ എല്ലാ പടികളെയും ഞാന്‍ ചുംബിച്ചിട്ടുണ്ട്. സ്നേഹം കൊണ്ടോ സന്തോഷം കൊണ്ടോ അല്ല. പൊലീസ് ഉരുട്ടിയിട്ടിട്ട് എല്ലാ പടിയിലും ടച്ച് ചെയ്താണ് ഞാന്‍ താഴെ എത്തിയത്"- മന്ത്രി കെ രാജന്‍ ഓര്‍മകള്‍ അയവിറക്കി.  

തന്നെ ഈ കോളേജിലേക്ക് കൊണ്ടുവന്നതെന്ന് കെ പി രാജേന്ദ്രനാണെന്ന് മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍ ഓര്‍മിച്ചു. മുന്‍ മന്ത്രി കെ പി രാജേന്ദ്രനും മുന്‍ എംപി സിഎന്‍ ജയദേവനുമായിരുന്നു കൂട്ടായ്മയിലെ സീനിയേഴ്സ്. എണ്‍പതുകളുടെ പ്രതിനിധിയായി മുന്‍ മന്ത്രി വി എസ് സുനില്‍കുമാറും തൊണ്ണൂറുകളുടെ പ്രതിനിധിയായി മന്ത്രി കെ രാജനുമെത്തി. രാജാജി മാത്യു തോമസും പി ബാലചന്ദ്രനും കൂട്ടായ്മയിലുണ്ടായിരുന്നു. മറ്റ് സംഘടനാ നേതാക്കളുമായി സാഹോദര്യം പങ്കുവയ്ക്കുകയും മുന്‍ അധ്യാപകരെ ആദരിക്കുകയും ചെയ്ത ശേഷമാണ് ഓര്‍മ്മച്ചോപ്പില്‍ ഒത്തുകൂടിയവര്‍ യാത്ര പറഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios