Asianet News MalayalamAsianet News Malayalam

എം എ വയലിനിലും ഒന്നാം റാങ്ക്; പ്രാരാബ്ധങ്ങൾക്കു നടുവില്‍ ശ്രീജു നേടിയെടുത്ത ഈ റാങ്കിന് സുവര്‍ണ തിളക്കം

തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരുന്ന ശ്രീജു ബാച്ചിലർ ഓഫ് പെർഫോമിങ് ആർട്സ് (ബി എ)വയലിനിലും ഒന്നാം റാങ്ക് നേടിയിരുന്നു. പ്രതിസന്ധികളോടും പ്രാരാബ്ധങ്ങളോടും പൊരുതി ശ്രീജു നേടിയെടുത്ത എം എ ഒന്നാംറാങ്കിന് തിളക്കമേറെയാണ്. 

sreeju has achieved ma first rank in violin
Author
First Published Jan 21, 2023, 7:24 PM IST

മാന്നാർ: പരുമല ഉപദേശിക്കടവ് പ്രണവം വീട്ടിൽ ശ്രീജു പവനന് എം എ വയലിനിലും ഒന്നാം റാങ്ക് നേട്ടം. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരുന്ന ശ്രീജു ബാച്ചിലർ ഓഫ് പെർഫോമിങ് ആർട്സ് (ബി എ)വയലിനിലും ഒന്നാം റാങ്ക് നേടിയിരുന്നു. പ്രതിസന്ധികളോടും പ്രാരാബ്ധങ്ങളോടും പൊരുതി ശ്രീജു നേടിയെടുത്ത എം എ ഒന്നാംറാങ്കിന് തിളക്കമേറെയാണ്. 

വീടുകളിൽ പോയി കുട്ടികളെ വയലിൻ അഭ്യസിപ്പിച്ച് ലഭിക്കുന്ന തുച്ഛമായ പണവും, സുഹൃത്തുക്കളിലൂടെയും മറ്റും ലഭിക്കുന്ന സംഗീത സദസുകളുമായിരുന്നു ശ്രീജുവിന്റെയും കുടുംബത്തിന്റെയും ആശ്രയം. പഞ്ചായത്തിൽ നിന്നും ലഭിച്ച സ്ഥലത്ത്  അച്ഛനും അമ്മയുമൊത്ത് ഒറ്റമുറി വീട്ടിലായിരുന്നു ജീവിതം. വെള്ളം കയറുന്ന സ്ഥലമായതിനാൽ മഴക്കാലങ്ങളിൽ വീട്ടിലെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ മഹാപ്രളയത്തിൽ ഉണ്ടായിരുന്ന ചെറിയ വീട് തകർന്നപ്പോൾ ദുരിതാശ്വാസ നിധിയിൽ നിന്നു ലഭിച്ചത് 10,000 രൂപ മാത്രമാണ്. പഞ്ചായത്തിന്റെ ‘പഠനമുറി’ പദ്ധതിയിൽ നിന്ന് ഒരു ലക്ഷം രൂപ ലഭിച്ചിരുന്നു. അതുപയോഗിച്ച് ഒരു മുറി കൂടി പണിതെങ്കിലും അസൗകര്യങ്ങളുടെ നടുവിലാണ് ഈ റാങ്കുകാരന്റെ താമസം. 

വയലിനിൽ അമ്മയുടെ പ്രാഗത്ഭ്യം കണ്ടു വളർന്ന ശ്രീജു സംഗീത ലോകത്തെത്തുന്നത് മൂന്നാം വയസ്സിലാണ്. ആദ്യം കർണാടക സംഗീതം അഭ്യസിച്ചു. പിന്നീട് മൃദംഗ പഠനവും തുടങ്ങി. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വയലിൻ പഠനം ആരംഭിക്കുന്നത്. കടനാട് ഹരിദാസ്, തിരുവല്ല ബിജു, ചേപ്പാട് പ്രദീപ്, അടൂർ റോജോ എന്നിവരായിരുന്നു ഗുരുക്കന്മാർ. പ്ലസ്ടുവിനു ശേഷം പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ നിന്നും ബികോം ബിരുദം സ്വന്തമാക്കി. പിന്നീടാണ് വയലിനിൽ ഡിഗ്രി ചെയ്യണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. സംഗീതാധ്യാപകനാകണമെന്നാണ് ശ്രീജുവിന്റെ ആ​ഗ്രഹം. മുപ്പത്തിയൊമ്പത് വർഷം പോസ്റ്റോഫീസിൽ ദിവസ വേതനക്കാരനായി ജോലി ചെയ്തെങ്കിലും യാതൊരു സമ്പാദ്യവും ഇല്ലാതെ വീട്ടിൽ വിശ്രമിക്കുന്ന ഭിന്നശേഷിക്കാരനായ അച്ഛൻ പി പവനനും, അമ്മ മിനിയും മകന് നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.  ഏക സഹോദരി ശ്രുതിയും ശ്രീജുവിന് പ്രോത്സാഹനമായി ഒപ്പമുണ്ട്. 

Read Also: 'പടയപ്പ'യെകൊണ്ട് പൊറുതിമുട്ടി വ്യാപാരികൾ; മാട്ടുപ്പെട്ടിയിലെത്തി തകർത്തത് നിരവധി കടകൾ

Follow Us:
Download App:
  • android
  • ios