Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ ക്ലാസ്;ആദിവാസി കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് ടിവി സംഭാവന നൽകി എസ്.ടി പ്രമോട്ടര്‍മാര്‍

തങ്ങളുടെ വരുമാനത്തിലെ ഒരു ഭാഗം ചെലവഴിച്ചാണ് കോടഞ്ചേരിയിലെ 19 പ്രമോട്ടര്‍മാരും പേരാമ്പ്രയിലെ 16 പ്രമോട്ടര്‍മാരും ചേര്‍ന്ന് ടിവി വാങ്ങി നല്‍കിയത്. 

ST promoters donate TV to students in tribal colonies
Author
Kozhikode, First Published Jun 6, 2020, 7:44 AM IST

കോഴിക്കോട്: ആദിവാസി കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി എസ്.ടി പ്രമോട്ടര്‍മാര്‍ ടെലിവിഷനുകള്‍ സംഭാവന നല്‍കി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ സാംബശിവറാവു കോടഞ്ചേരി പാത്തിപ്പാറ കോളനിയിലെ വിദ്യാര്‍ഥി ദാമുചക്കിക്ക് ടെലിവിഷന്‍ കൈമാറി ഉദ്ഘാടനം ചെയ്തു. 

ജില്ലയിലെ കോടഞ്ചേരി, പേരാമ്പ്ര ട്രൈബല്‍ എക്‌സ്റ്റൈന്‍ഷന്‍ ഓഫീസ് പരിധിയിലെ നാല് കോളനികളിലേക്കാണ് ടെലിവിഷനും ഡിഷ് അടക്കമുള്ള അനുബന്ധ സാമഗ്രികളും നല്‍കിയത്. തങ്ങളുടെ വരുമാനത്തിലെ ഒരു ഭാഗം ചെലവഴിച്ചാണ് കോടഞ്ചേരിയിലെ 19 പ്രമോട്ടര്‍മാരും പേരാമ്പ്രയിലെ 16 പ്രമോട്ടര്‍മാരും ചേര്‍ന്ന് ടിവി വാങ്ങി നല്‍കിയത്. കോടഞ്ചേരി പാത്തിപ്പാറ, ചിപ്പിലിത്തോട്, പേരാമ്പ്രയിലെ കോട്ടക്കുന്ന്, തരിപ്പ എന്നീ കോളനികളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുക.

ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ സി സയിദ്‌നയിം,  കോടഞ്ചേരി,  ട്രൈബല്‍ എക്‌സ്റ്റൈന്‍ഷന്‍ ഓഫീസര്‍ എ ഷമീര്‍, എസ്.ടി പ്രമോട്ടര്‍മാരായ അയ്യപ്പന്‍, ശ്യാംകിഷോര്‍, ബിജു, ഷൈനി, ലിജി, സജിനി എന്നിവര്‍ പങ്കെടുത്തു. 

പേരാമ്പ്ര കോട്ടക്കുന്ന് കോളനിയിലേക്കുള്ള ടെലിവിഷന്‍ കോളനിയില്‍ നടന്ന് ചടങ്ങില്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ സി സയിദ്‌നയിം കൈമാറി. വാര്‍ഡ് മെമ്പര്‍ ബിജു, ട്രൈബല്‍ എക്‌സ്റ്റൈന്‍ഷന്‍ ഓഫീസര്‍ സലീഷ് എന്നിവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios