സ്റ്റേഡിയം സ്റ്റാൻഡിന് സമീപം ഹോട്ടലിനോട് ചേർന്ന പറമ്പിൽ കണ്ടെത്തിയ യുവാവ് മരിച്ചത് ഉയരത്തിൽ നിന്നും വീണ് തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും കണ്ടെത്തൽ.
പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിനോട് ചേർന്ന പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ചത് ഉയരത്തിൽ നിന്നും വീണ് തലക്കേറ്റ ക്ഷതം മൂലമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും കണ്ടെത്തൽ. തമിഴ്നാട് കരൂർ താന്തോണിമലൈ സ്വദേശി മണികണ്ഠനെയാണ് (28) ജൂലൈ 9ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ സമയം ഇയാൾ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
യുവാവ് ലോഡ്ജിനോട് ചേർന്ന പറമ്പിൽ മരിച്ച സംഭവ കഥയിങ്ങനെ..
പെൺസുഹൃത്തിനെ തേടിയാണ് ഇയാൾ പാലക്കാട്ടേക്ക് എത്തിയത്. മരിച്ച മണികണ്ഠന്റെ കാമുകിയും മലപ്പുറം സ്വദേശിയായ മറ്റൊരു യുവാവും ഹോട്ടലിൽ ഒരുമിച്ച് മുറിയെടുത്തിരുന്നു. യുവതി കന്യാകുമാരി സ്വദേശിനിയാണ്. ഇവരോട് മണികണ്ഠൻ വഴക്കിടുന്നത് കണ്ടതായി ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നു. ഇടയ്ക്കിടെ അവരുടെ കതകിൽ തട്ടി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. പിന്നീട് ഹോട്ടൽ ജീവനക്കാർ തന്നെ ഇടപെട്ട് മണികണ്ഠനെ ഇറക്കി വിട്ടിരുന്നുവെന്നും മൊഴി.
എന്നാൽ ഇതിനു ശേഷം, രാത്രി ആരുമറിയാതെ ഹോട്ടൽ മുറിയിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീണായിരിക്കും മണികണ്ഠന്റെ മരണമെന്നാണ് പൊലീസിന്റെ നിഗമനം.
ശരീരത്തിൽ വീഴ്ചയുടെ ആഘാതമല്ലാതെ മറ്റ് മൽപിടിത്തത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന. സംഭവത്തിൽ കൂടുതൽ അന്വേഷണം പാലക്കാട് സൗത്ത് പൊലീസ് നടത്തിവരികയാണ്.
