ഉദ്യോഗസ്ഥർ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോഴും മാലിന്യവുമായി ഒരു ലോറിയെത്തി. അത് കൈയോടെ പിടിയിലാവുകയും ചെയ്തു. 

നെയ്യാറ്റിൻകര: തിരുവനന്തപുരത്തെ മാലിന്യം തമിഴ്നാട്ടിൽ പിടികൂടി തിരിച്ചയച്ചതിന് പിന്നാലെ അതിർത്തി മേഖലയായ നെയ്യാറ്റിൻകര നെയ്യാർ തീരത്ത് മാലിന്യം കുഴിച്ചു മൂടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ അറവ് മാലിന്യം തള്ളാനെത്തിയ ഒരു ലോറി നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. പുഴയോരത്ത് പത്ത് ടൺ മാലിന്യം കുഴിച്ചു മൂടിയ നിലയിലും കണ്ടെത്തി.

തിരുവനന്തപുരത്തെ ആശുപത്രി മാലിന്യം തിരുനെൽവേലിയിൽ തള്ളിയതിനെതിരെ നടപടി എടുക്കുകയും തമിഴ്നാട് സർക്കാർ പരിശോധന ശക്തമാക്കുകയും ചെയ്തതോടെയാണ് അതിർത്തി മേഖലയിലേക്ക് മാലിന്യ നിക്ഷേപം കൂടിയത്. നെയ്യാർ തീരത്ത് ഇരുമ്പിൽ ഏതാനും ദിവസങ്ങളായി വൻതോതിൽ അറവ് മാലിന്യമടക്കം കുഴിച്ചുമൂടുന്നുണ്ട്. പ്രദേശത്ത് നിന്ന് ദുർഗന്ധം പരന്നതോടെ നടത്തിയ പരിശോധനയിലാണ് പുഴയോരത്ത് കുഴിച്ച് മൂടിയ മാലിന്യം കണ്ടത്. ഈ പരിശോധന നടക്കുന്നതിനിടെ മാലിന്യവുമായി മറ്റൊരു ലോറിയും സ്ഥലത്തെത്തി. ഇതുകൂടി കസ്റ്റഡിയിലെടുത്തു.

രാത്രിയും പകലുമില്ലാതെയാണ് മാലിന്യം എത്തിച്ച് കുഴിച്ച് മൂടുന്നത്. ഹോട്ടൽ മാലിന്യവും അറവ് മാലിന്യവുമാണ് എത്തിക്കുന്നതിൽ ഏറിയ പങ്കും. പ്രദേശവാസികൾ പരാതിയുമായി എത്തിയതോടെ പരിശോധന കർശനമാക്കുകയാണ് നഗരസഭ ആരോഗ്യവിഭാഗം. മാലിന്യമെത്തിച്ച കരാറുകാരെ വിളിച്ച് വരുത്തി വൻ തുക പിഴ ഈടാക്കാനും നിയമനടപടി സ്വീകരിക്കാനും ആണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം