ആന്ധ്രാപ്രദേശിൽ നടന്ന മീറ്റിൽ സ്വർണ്ണം നേടിയെത്തിയപ്പോഴാണ് അന്നത്തെ സർക്കാർ ബിനോഭക്ക് ജോലി വാഗ്ദാനം ചെയ്തത്. ഈ വാക്ക് വിശ്വസിച്ച് റെയിൽവേസ് അടക്കമുള്ള ടീമുകളിൽ നിന്നുള്ള വാഗ്ദാനങ്ങൾ നിരസിച്ചു. എന്നാൽ അത് തെറ്റായിപ്പോയെന്ന് ബിനോഭ മോൾ

ഇടുക്കി: ഒരുകാലത്ത് ദേശീയ മീറ്റുകളിൽ കേരളത്തിന്‍റെ മിന്നും താരമായിരുന്ന കായികതാരത്തോട് സർക്കാരിന്‍റെ കടുത്ത അവഗണന. ഇടുക്കി പെരുവന്താനം സ്വദേശി ബിനോഭയാണ് പതിനഞ്ച് കൊല്ലം മുമ്പ് വാഗ്ദാനം ചെയ്ത ജോലിക്കായി ഇപ്പോഴും സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്നത്.

ബിനോഭ മോൾ കെ ജെ 1995 മുതൽ 2003 വരെയുള്ള ദേശീയമീറ്റുകളിൽ ഹൈജംപിലും ഹർഡിൽസിലും കേരളത്തിന്‍റെ സുവർണതാരം. ആന്ധ്രാപ്രദേശിൽ നടന്ന മീറ്റിൽ സ്വർണ്ണം നേടിയെത്തിയപ്പോഴാണ് അന്നത്തെ സർക്കാർ ബിനോഭക്ക് ജോലി വാഗ്ദാനം ചെയ്തത്. ഈ വാക്ക് വിശ്വസിച്ച് റെയിൽവേസ് അടക്കമുള്ള ടീമുകളിൽ നിന്നുള്ള വാഗ്ദാനങ്ങൾ താരം നിരസിച്ചു. എന്നാൽ അത് തെറ്റായിപ്പോയെന്ന് കഴിഞ്ഞപോയ കാലം ബിനോഭയെ പഠിപ്പിച്ചു.

ദേശീയ തലത്തിൽ സ്വർണ്ണം നേടിയ താരങ്ങൾക്കെല്ലാം ജോലി നൽകുമെന്ന ഇപ്പോഴത്തെ സർക്കാരിന്‍റെ വാഗ്ദാനം വലിയ പ്രതീക്ഷയോടെയാണ് ബിനോഭ കണ്ടത്. എന്നാൽ 2010ന് ഇപ്പുറമുള്ള താരങ്ങളെ മാത്രമാണ് അവസാനം വന്ന ലിസ്റ്റിൽ പരിഗണിച്ചത്.

ട്രാക്കിലെ കടമ്പകൾ എളുപ്പം മറികടന്ന ബിനോഭയ്ക്ക് പക്ഷേ ജോലിക്കായുള്ള ഈ കടമ്പ കടക്കാൻ ഇനിയും ആയിട്ടില്ല. എങ്കിലും പ്രതീക്ഷയോടെ പരിശ്രമം തുടരുകയാണ് ദ്രോണാചാര്യ കെ പി തോമസ് മാഷിന്‍റെ പ്രിയ ശിഷ്യ കൂടിയായ ബിനോഭ മോൾ.