തിരുവനന്തപുരം: വലിയതുറയിലെ ഫിഷറീസ് സ്കൂൾ ഇനി ഹൈടെക്ക് സ്കൂൾ. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. രണ്ട് നില കെട്ടിടം, സ്മാർട്ട് ക്ലാസ് മുറികൾ, ലാബ് മുറികൾ, ബാഡ്മിന്റൺ കോര്‍‍ട്ട‍‍്, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. 

സംസ്ഥാനത്തെ ഏക ഹൈടെക്ക് ഫിഷറീസ് സ്കൂൾ കൂടിയാണ് വലിയതുറ റീജിയണൽ ഫിഷരീസ് ടെക്നിക്കൽ ആന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി. കടലാക്രമണ സമയമായൽ ദുരിതാശ്വാസ ക്യാംപായി മാറിയിരുന്ന പഴയ സ്കൂൾ കെട്ടിടത്തിൽ നിന്ന് മോചനം വേണമെന്ന വലിയതുറക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

3.14 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. സ്കൂൾ പുത്തനായതോടെ ഇനി കൂടുതൽ കുട്ടികൾ ഇവിടെ പഠിക്കാനെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.