Asianet News MalayalamAsianet News Malayalam

റോഡിൽ എത്ര കുഴിയുണ്ട്, എപ്പോൾ നന്നാക്കും? ബസിന്‍റെ ചില്ലു പൊട്ടി വിദ്യാർത്ഥി റോഡിൽ വീണ സംഭവത്തിൽ അന്വേഷണം

റോഡിന്റെ ഇപ്പോഴത്തെ സ്ഥിതി, കുഴികളുടെ എണ്ണം, ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കാൻ എത്ര കാലയളവ് വേണം, റോഡിന്റെ മേൽനോട്ട ചുമതല ആർക്കാണ് തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിലുണ്ടാവണം.

State Human Rights Commission Orders Probe into bus window broke and student fell out case in thiruvananthauram
Author
First Published Sep 4, 2024, 6:38 PM IST | Last Updated Sep 4, 2024, 6:38 PM IST

തിരുവനന്തപുരം:  റോഡിലെ കുഴിയിൽ വീണ കെ.എസ്.ആർ.റ്റി.സി ബസിന്റെ പിൻവശത്തെ ഗ്ലാസ് പൊട്ടി ബസിനുള്ളിൽ നിന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ പള്ളിപ്പുറം ഡിജിറ്റൽ സർവ്വകലശാലക്ക് മുന്നിൽ കഴിഞ്ഞ തിങ്കളാഴ്ച   വൈകിട്ട് നാലരക്കുണ്ടായ അപകടത്തിൽ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർത്ഥി പി. നവനീത് കൃഷ്ണക്ക് പരിക്കേറ്റ സംഭവത്തിലാണ് നടപടി. 

തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർത്ഥി. ബസ് റോഡിലെ കുഴിയിൽ വീണതും പിന്നിലെ ഗ്ലാസ് പൊട്ടി വിദ്യാർത്ഥി പുറത്തേക്ക് തെറിക്കികയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി നിയോഗിക്കുന്ന ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അപകടം പറ്റിയ കുട്ടിയുടെയും ബസിലുണ്ടായിരുന്ന സഹപാഠികളുടെയും മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥൻ രേഖപെടുത്തണം. ബസിലെ  ജീവനക്കാരുടെ സ്റ്റേറ്റുമെന്റ്, കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, മൊഴി എന്നിവ സമർപ്പിക്കണം.

അപകടം സംഭവിച്ച ബസിന്റെ പിൻഭാഗത്ത്, സുരക്ഷക്കായി വയ്ക്കാറുള്ള ഇരുമ്പ് കമ്പി ഉണ്ടായിരുന്നില്ലെന്ന പരാതിയും അന്വഷിക്കണമെന്ന് ഉത്തരവിൽ പറയുന്നു. റോഡിലെ  അപകട കുഴികൾ നികത്താത്തതും റോഡ് അറ്റകുറ്റപണി യഥാസമയം നടത്താത്തതും സംബന്ധിച്ച് പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർ നിയോഗിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയർ അന്വേഷണം നടത്തണം. റോഡിലെ  ശോചനീയാവസ്ഥ എത്രനാളായി തുടരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവിൽ പറയുന്നു. 

റോഡിന്റെ ഇപ്പോഴത്തെ സ്ഥിതി, കുഴികളുടെ എണ്ണം, ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കാൻ എത്ര കാലയളവ് വേണം, റോഡിന്റെ മേൽനോട്ട ചുമതല ആർക്കാണ് തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിലുണ്ടാവണം. റിപ്പോർട്ട് മൂന്ന് ആഴ്ചക്കുള്ളിൽ സമർപ്പിക്കണം. ഒക്ടോബർ പതിനൊന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥർ സിറ്റിംഗിൽ നേരിട്ട് ഹാജരാകണം. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. 

Read More : മുങ്ങി നശിച്ചത് 300 ആഡംബര കാറുകൾ, കൈകുഞ്ഞിനെ രക്ഷിച്ചത് കൊട്ടയിൽ കയറ്റി; മഴക്കെടുതിയിൽ ആന്ധ്രയും തെലങ്കാനയും
 

Latest Videos
Follow Us:
Download App:
  • android
  • ios