Asianet News MalayalamAsianet News Malayalam

വീട്ടമ്മയുടെ വീട് അടിച്ച് തകർത്ത് ഫൈനാൻസ് കമ്പനി; നടപടി സ്വീകരിക്കാതെ പൊലീസ്, കേസെടുത്ത് ന്യൂനപക്ഷ കമ്മീഷൻ

പരാതിക്കാരിയും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയം ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കടക്കുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ചെന്നാണ് പരാതി.

State Minority Commission case against Finance Company joy
Author
First Published Oct 25, 2023, 9:54 PM IST

തിരുവനന്തപുരം: ഭവന വായ്പ എടുത്ത സ്ത്രീയുടെ വീട് കുടിശിക വരുത്തിയതിന്റെ പേരില്‍ ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു. റൂറല്‍ എസ്.പി, കാട്ടാക്കട ഡിവൈ.എസ്.പി, തഹസില്‍ദാര്‍ എന്നിവരോട് നവംബര്‍ ഒന്‍പതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് ആവശ്യപ്പെട്ടു.

പരാതിക്കാരിയായ സീനത്ത് ബീവി ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ഫൈനാന്‍സ് ലിമിറ്റഡില്‍ നിന്നും ഹോം ലോണായി 17,68,000 രൂപ എടുത്തിരുന്നു. മാസത്തവണയായ 22,000 രൂപ അടയ്ക്കുന്നുണ്ടായിരുന്നു. കൊറോണ സമയം കുടിശിക വരികയും 4,85,000 രൂപ അടയ്ക്കണമെന്ന് ചൂണ്ടിക്കാണിച്ച് കമ്പനി ജപ്തി നോട്ടീസ് അയച്ചു. ഈ വര്‍ഷം ജൂണ്‍ 26ന് 100 രൂപ മുദ്രപത്രത്തില്‍ 2,00,000 രൂപ നല്‍കണമെന്ന് പരാതിക്കാരിയോട് എഴുതി വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരാതിക്കാരിയും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയം ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കടക്കുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ചു. ഈ സംഭവത്തില്‍ പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് പരാതി. കൂടാതെ 13,000 രൂപയും മകളുടെ സ്വര്‍ണമാലയും നഷ്ടപ്പെട്ടു. വിഷയത്തില്‍ കാട്ടാക്കട ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ന്യൂനപക്ഷ കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പിന്നാലെയാണ് കമ്മീഷന്‍ ഇടപെടല്‍. 
 

കട കത്തിനശിച്ചു: 13 ലക്ഷം നല്‍കാമെന്ന് ഇന്‍ഷൂറന്‍സ് കമ്പനി; പറ്റില്ലെന്ന് ഉടമ, പോരാട്ടത്തിനൊടുവില്‍ നേടിയത് 48 ലക്ഷം

മലപ്പുറം: ഗൃഹോപകരണ കട കത്തിനശിച്ച സംഭവത്തില്‍ ഉടമയ്ക്ക് 48,50,029 രൂപ ഇന്‍ഷുറന്‍സ് തുകയും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മിഷന്‍ വിധി. മമ്പാട് സ്വദേശി വള്ളിക്കാടന്‍ യൂസഫിന്റെ പരാതിയിലാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റെ വിധി. 

2018 ജൂലൈ 16ന് അര്‍ധരാത്രി യൂസഫിന്റെ അരീക്കോട് പത്തനാപുരത്തുള്ള ഗൃഹോപകരണ കട പൂര്‍ണമായി കത്തി നശിച്ചിരുന്നു. ഇന്‍ഷൂറന്‍സ് കമ്പനി 13,37,048 രൂപ നല്‍കാന്‍ തയ്യാറായിയെങ്കിലും പരാതിക്കാരന്‍ സ്വീകരിച്ചില്ല. ഇന്‍ഷൂറന്‍സ് സര്‍വേയര്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിയല്ലെന്നും യഥാര്‍ഥ നഷ്ടം മറച്ചു വച്ചിരിക്കുകയാണെന്നും പരാതിക്കാരന്‍ കമ്മിഷന്‍ മുമ്പാകെ ബോധിപ്പിച്ചു. 68,10,892 രൂപ ഇന്‍ഷൂറന്‍സ് തുകയും 10,00,000 രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. 

തുടര്‍ന്ന് സ്റ്റോക്ക് രജിസ്റ്ററും സര്‍വേ റിപ്പോര്‍ട്ടും പരിശോധിച്ച കമ്മിഷന്‍ നേരത്തെ ഇന്‍ഷൂറന്‍സ് കമ്പനിയുടെ സര്‍വേയര്‍ തന്നെ തയ്യാറാക്കിയ 48,50,029 രൂപയുടെ റിപ്പോര്‍ട്ട് മറച്ചുവച്ചതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷവും യഥാര്‍ഥ നഷ്ടമായ 48,50,029 രൂപയും ഒമ്പത് ശതമാനം പലിശയോടെ നല്‍കണമെന്നും ഉത്തരവിട്ടു. കോടതി ചെലവിലേക്ക് 25,000 രൂപയും നല്‍കണം. ഒരുമാസത്തിനകം പണം നല്‍കാത്തപക്ഷം 12 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ പറഞ്ഞു. പരാതിക്കാരന് വേണ്ടി അഡ്വ. കെ.ടി സിദ്ധീഖ് ഹാജരായി.

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരിക്ക് 8 വർഷം കഠിന തടവ് ശിക്ഷ 
 

Follow Us:
Download App:
  • android
  • ios