ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് മൂന്നാറില്‍. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേത്യത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മൂന്നാര്‍, പഴയമൂന്നാര്‍, മൂലക്കട, നല്ലതണ്ണി റോഡ്, പോസ്‌റ്റോഫീസ് കവല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഒരു സ്ഥലത്തേക്ക് മാറ്റും. ഫുഡ് ആന്റ് സേഫ്റ്റിയുടെ അംഗീകാരത്തോടെ ഇത്തരം പെട്ടിക്കടകള്‍ക്ക് പ്രത്യേക ഡിസൈനിങ്ങ് നല്‍കും. വ്യാപാരികള്‍ സ്വന്തം ചെലവിലാണ് കടകള്‍ നിര്‍മ്മിക്കേണ്ടത്.

നൂറുകണക്കിന് പെട്ടിക്കടകള്‍ക്ക് മൂന്നാറിലുണ്ടെങ്കിലും 18 പേര്‍ മാത്രമാണ് ഉപജീവനത്തിനായി വ്യാപാരം നടത്തുന്നതെന്ന് അധിക്യതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അംഗീകരത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് കുടിവെള്ളം, മാലിന്യം നിര്‍മ്മാര്‍ജ്ജനം നല്‍കുന്നതിനുള്ള സൗകര്യം, നിയമ സഹായം എന്നിവ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കും. ഒരുമാസത്തിമുള്ളില്‍ പദ്ധതി യാഥാര്‍ത്യമാക്കുകയാണ് ലക്ഷ്യം. മൂന്നാര്‍ ടൗണിനോട് ചേര്‍ന്നായിരിക്കും കടകള്‍ സ്ഥാപിക്കുക. വിനോദസഞ്ചാരികള്‍ക്കടക്കമുള്ളവരുടെ സാനിധ്യം ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ സഹയായത്തോടെ പ്രചാരണവും നടത്തും. ബുധനാഴ്ച ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണയുടെ നേത്യത്വത്തില്‍ തട്ടുകടക്കാരുമായി ചര്‍ച്ചകള്‍ നടത്തി.

തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇത്തരം പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ കാലവര്‍ഷം തിരിച്ചടിയായി. മൂന്നാറില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതോടെ മറ്റിടങ്ങളിലേക്കും വിപുലീകരിക്കാര്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മൂന്നാറില്‍ നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. അജിത്ത് കുമാര്‍, പ്രസിഡന്റ് കറുപ്പസ്വാമി, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.